കേരള കുംഭമേളയ്ക്ക് തിരുവില്വാമലയിൽ തുടക്കം
1494496
Sunday, January 12, 2025 12:58 AM IST
തിരുവില്വാമല: കേരളത്തില്‍ നടക്കുന്ന മൂന്നാമത്തെ കുംഭമേളയ്ക്ക് തിരുവില്വാമല പാമ്പാടിയില്‍ പ്രൗഡോജ്വല തുടക്കം. ഇന്നലെ രാവിലെ സംന്യാസി സംഗമത്തോടെയാണ് പരിപാടികള്‍ തുടക്കമായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന സന്യാസിമാര്‍ അവരുടെ അനുഭവങ്ങളും ഭാരതപ്പുഴയിലെ കുംഭമേള സംബന്ധിച്ച അഭിപ്രായങ്ങളും പങ്കുവച്ചു. വൈകീട്ട് ഭാരതപ്പുഴ കടവില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ കാര്‍മികത്വത്തില്‍ നദി മഹാസങ്കല്്പം നടന്നു. ഏഴ് കുംഭങ്ങളില്‍ ഏഴ് നദികളെ സങ്കല്പം ചെയ്തു. ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ നിരവധി സന്യാസിമാരും ഭക്തജനങ്ങളും വിവിധ ധര്മപ്രസ്ഥാനങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു.
തുടര്‍ന്ന് ഏഴ് കുംഭങ്ങളെയും നെഹ്റു കോളജിലെ പ്രധാന വേദിയിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന സന്യാസിമാരുടെ സത്സംഗം പാലക്കാട് ശിവാനന്ദ ആശ്രമം മഠാധിപതി സ്വാമി സ്വരൂപാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ദേവാനന്ദഗിരി മഹാരാജ് സന്യാസത്തക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. ഇന്നു രാവിലെ ഒന്‍പതിന് ഉദ്ഘാടന സഭ , പരിസ്ഥിതി സെമിനാർ വൈകീട്ട് നിളാ നദി ആരതി എന്നിവയുണ്ടാകും.