ഇരുനിലവീടിനെ തോല്പിച്ച് മത്സരപ്പിണ്ടികൾ
1494508
Sunday, January 12, 2025 12:58 AM IST
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിനായി നഗരത്തിലെത്തുന്ന ആളുകള്‍ക്കു രണ്ടുനിലവീടുകളെക്കാള് ഉയരത്തില്‍ നില്ക്കുന്ന വാഴപ്പിണ്ടികള്‍ വിസ്മയമായി.
ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളില്‍ ഒരു മത്സരയിനമാണ് ഉയരത്തിലുള്ള പിണ്ടികള്‍. കത്തീഡ്രല്‍ സിഎല്‍സിയുടെ നേതൃത്വത്തിലാണ് മത്സരം. ഏറ്റവും ഉയരമുള്ള വാഴപ്പിണ്ടിക്കാണ് സമ്മാനം. ഏഴുപത്തഞ്ചോളം കൂറ്റന്‍ വാഴപ്പിണ്ടികളാണ് ഇത്തവണ മത്സരത്തിനായി ഉണ്ടായിരുന്നത്.
27.5 അടി ഉയരമുള്ള മെയിന്‍ റോഡില്‍ ആലപ്പാട്ട് ഫര്‍ണീച്ചര്‍ ഗാലറി ഉയര്‍ത്തിയ പിണ്ടിക്കാണ് ഒന്നാംസ്ഥാനം. സിഐടിയു യൂണിയന് മാര്‍ക്കറ്റ് ഇരിങ്ങാലക്കുട ഉയര്‍ത്തിയ പിണ്ടിക്കാണ് രണ്ടാംസ്ഥാനം. കുന്നേല്‍ യേശുദാസ് ഉയര്‍ത്തിയ പിണ്ടി മൂന്നാംസ്ഥാനവും ആലപ്പാട്ട് ഫര്‍ണിച്ചര്‍ ഇരിങ്ങാലക്കുട ഉയര്‍ത്തിയ പിണ്ടി നാലാംസ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കു ഇന്നു തിരുനാള്ദിവ്യബലിമധ്യേ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മാനങ്ങള്‍ നല്‍കും.
അതിരപ്പിള്ളി, വെറ്റിലപ്പാറ, മലക്കപ്പാറ എന്നിവിടങ്ങള്ക്കുപുറമെ ഇതരസംസ്ഥാനങ്ങളില്‍നിന്നുവരെ വാഴപ്പിണ്ടികള്‍ കൊണ്ടുവന്നാണു കൂടുതല്‍പേരും മത്സരിക്കുന്നത്. കല്ലുവാഴ, അമൃതവാഹിനി, കര്പ്പൂരവള്ളി ഇനങ്ങളിലെ വാഴയാണു പിണ്ടിക്കായി ഉപയോഗിക്കുന്നത്. രണ്ടുവര്‍ഷത്തോളം വേണം ഈ വാഴ പൂര്‍ണവളര്‍ച്ചയെത്താന്‍. പിണ്ടിപ്പെരുന്നാളിന് ആറുമാസം മുമ്പ് വാഴത്തോട്ടങ്ങളില്‍ പോയി വാഴ കണ്ടുവയ്ക്കും. പിന്നീട് ഇതിനു പ്രത്യേകം പരിപാലനം നല്കി വളർത്തും. വലിയ വാഹനങ്ങളിലാണ് ഈ വാഴപ്പിണ്ടികള്‍ ഇരിങ്ങാലക്കുടയില്‍ എത്തിക്കുന്നത്.