ജ്വല്ലറി ഉടമകളായ ദമ്പതികളെ കത്തികാട്ടി മൂന്നുകിലോ വെള്ളി കവര്‍ന്നു
1494777
Monday, January 13, 2025 1:32 AM IST
ഇരിങ്ങാലക്കുട: വ്യാപാരസ്ഥാപനം പൂട്ടി വീട്ടിലേക്കു ബൈക്കില്‍ മടങ്ങുകയായിരുന്ന ദമ്പതികളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി മൂന്നുകിലോ വെള്ളി കവര്‍ന്നു.
കഴിഞ്ഞദിവസം രാത്രി ഒന്‍പതോടെ കുഴിക്കാട്ടുക്കോണം ഗുരുജി നഗര്‍ പരിസരത്തു വച്ചായിരുന്നു സംഭവം. കുഴിക്കാട്ടുക്കോണം ചവാന് വീട്ടില്‍ അശോക് സേട്ടു, ഭാര്യ കവിത എന്നിവരില്‍നിന്നാണ് ബൈക്കിലെത്തിയ രണ്ടുപേർ മൂന്നു കിലോ വെള്ളി ആഭരണങ്ങളും, മാപ്രാണം ബ്ലോക്ക് സെന്ററില്‍ നടത്തുന്ന ശ്രീ ജ്വല്ലറിയുടെ താക്കോലുമടങ്ങുന്ന സഞ്ചി കവര്‍ന്നത്. മഹാരാഷ്ട്ര സ്വദേശികളായ ദന്പതികൾ എതാനും വര്‍ഷങ്ങളായി മാപ്രാണത്ത് ജ്വല്ലറി നടത്തിവരികയാണ്.
റൂറല്‍ എസ്പി ബി. കൃഷ്ണകുമാറിന്റെ നിര്‍ദേശമനുസരിച്ച് സിഐ അനീഷ് കരീമിന്റെ നേതൃത്വത്തില്‍ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലത്തിനുസമീപത്തെ വീട്ടില്‍നിന്നു സിസിടിവി കാമറ ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.