പോലീസ് പെൻഷനേഴ്സ് ധർണ നാളെ
1495230
Wednesday, January 15, 2025 3:54 AM IST
പത്തനംതിട്ട: പോലീസ് പെൻഷൻകാരോടു സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരേ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ രാവിലെ പത്തിന് പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണനടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
പത്തനംതിട്ട അബാൻ ജംഗ്ഷനിൽനിന്നും പ്രകടനം ആരംഭിക്കും. ധർണ ഡോ. എം.എ. കബീർ ഉദ്ഘാടനം ചെയ്യും. പെൻഷൻകാർക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും അർഹതപ്പെട്ട പല ആനുകൂല്യങ്ങളും വർഷങ്ങളായി തടഞ്ഞുവച്ചിരിക്കുകയാണന്ന് ഭാരവാഹികൾ പറഞ്ഞു.
2024 ജൂലൈ ഒന്നിന് നടപ്പിലാക്കേണ്ടിയിരുന്ന പന്ത്രണ്ടാം ശമ്പള പെൻഷൻ പരിഷ്കരണ കമ്മീഷനെപ്പോലും നിയമിക്കാൻ സർക്കാർ തയാറായിട്ടില്ല. 19 ശതമാനം ഡിആർ കുടിശിക നൽകിയിട്ടില്ല, എല്ലാവർക്കും ട്രെയിനിംഗ് പീരിയഡ് സർവീസായി പരിഗണിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് തോമസ് ജോൺ, സെക്രട്ടറി വൈ . റഹീം റാവുത്തർ, ട്രഷറർ കെ. മുരളിദാസ്, പി.എസ്. സുരേഷ് കുമാർ, ജോർജ് തോമസ്, ബി. സജികുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.