പതിനെട്ടുകാരിക്കു നേരേയുള്ള കൂട്ട പീഡനം: സംഗമകേന്ദ്രം പത്തനംതിട്ട ബസ് സ്റ്റാൻഡ്
1494807
Monday, January 13, 2025 4:15 AM IST
പത്തനംതിട്ട: പതിനെട്ടുകാരിയെ അറുപതിലധികം ആളുകൾ വിവിധ ഇടങ്ങളിലായി പീഡിപ്പിച്ച സംഭവത്തിനു പ്രധാന കേന്ദ്രമായത് പത്തനംതിട്ട ബസ് സ്റ്റാൻഡ് എന്നു സൂചന. നഗരത്തിലെ ക്രിമിനൽ പശ്ചാത്തലമുള്ളവരും ചില ഓട്ടോറിക്ഷ ഡ്രൈവർമാരും വിദ്യാർഥികളും ഉൾപ്പെടെ കേസിൽ അറസ്റ്റിലായതിനു പിന്നാലെയാണ് ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച സാമൂഹ്യവിരുദ്ധ താവളത്തിന്റെ ചിത്രം പുറത്തുവന്നത്.
പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയവരിൽ മിക്കവരും പത്തനംതിട്ട ബസ് സ്റ്റാൻഡിൽ കേന്ദ്രീകരിച്ചിരുന്നവരാണ്. ഇവിടെനിന്നാണ് പെൺകുട്ടിയെ പലയിടത്തേക്കും കൂട്ടിക്കൊണ്ടുപോയതെന്നാണ് വിവരം.
സ്റ്റാൻഡിലെ കെട്ടിടത്തിന്റെ മുകൾ നിലയിലായിരുന്നു സാമൂഹ്യ വിരുദ്ധരും ലഹരി സംഘങ്ങളും തമ്പടിച്ചിരുന്നത്. സംഘത്തെ ഒഴിവാക്കാൻ ശ്രമിച്ച വ്യാപാരികളെയടക്കം സദാചാര പോലീസ് കളിക്കാൻ വരേണ്ടന്നു പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. പെൺകുട്ടികളടക്കം ഇവിടെ തമ്പടിച്ചപ്പോൾ വ്യാപാരികൾ പോലീസിനെ അറിയിച്ചു.
പിങ്ക് പോലീസിനെ ഏതാനും ദിവസങ്ങളിൽ ഡ്യൂട്ടിക്കിട്ടു. അനാശാസ്യ പ്രവർത്തനത്തെയും സംഘം ചേരലിനെയും ചോദ്യം ചെയ്ത പിങ്ക് പോലീസിനെ ചീത്ത വിളിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. ഇതേത്തുടർന്ന് പിങ്ക് പോലീസും പിൻമാറുന്ന സ്ഥിതിയിലെത്തി. പലപ്പോഴും സംഘം തിരിഞ്ഞ് ഏറ്റുമുട്ടലുകളും മയക്കുമരുന്നിന്റെ പരസ്യ വിപണനവും ശ്രദ്ധയിൽപെട്ടിട്ടും പോലീസ് അനങ്ങിയില്ല.
നഗരസഭ കെട്ടിടത്തിന്റെ മുകൾ നിലയിലേക്ക് പ്രവേശനം ഗ്രില്ല് ഇട്ട് പൂട്ടി തടഞ്ഞെങ്കിലും യുവാക്കളും വിദ്യാർഥികളും ബസ് സ്റ്റാൻഡ് താവളം മാറ്റിയിട്ടില്ല. സമീപത്തെ പെട്രോൾ പമ്പിനും കെഎസ്ആർടിസി സ്റ്റാൻഡിനുമിടയിലെ വഴിയിലൂടെ കുറ്റിക്കാടുകളിലേക്കു കയറിയാണ് അനാശാസ്യ പ്രവർത്തനവും ലഹരി വസ്തുക്കളുടെ കൈമാറ്റവും നടത്തുന്നതെന്ന് പറയുന്നു.
അബാൻ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്ന തൂണുകൾ മറയാക്കി രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നുണ്ട്.
ചുട്ടിപ്പാറയിലേക്കുള്ള വഴിയിലും യുവാക്കളെയും പെൺകുട്ടികളെയും മിക്ക സമയങ്ങളിലും കാണാം. പുലർച്ചെയാണ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ലഹരി കൈമാറ്റം നടക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. ലഹരി, മയക്കുമരുന്ന് ഉത്പന്നങ്ങൾ വൻതോതിൽ വില്പനയ്ക്ക് എത്തിക്കുന്നുണ്ട്. വിദ്യാർഥികളടക്കമുള്ളവരാണ് ഉപയോക്താക്കൾ.
നിരീക്ഷണ കാമറൾ ഇല്ലാത്ത സ്ഥലങ്ങളിലാണ് സംഘങ്ങൾ തമ്പടിക്കുന്നത്. പകലും രാത്രിയിലും ഇവിടെ നിരീക്ഷണമുണ്ടെന്നാണ് പോലീസ് പറയുന്നത്. പക്ഷെ, സാമൂഹ്യവിരുദ്ധരുടെ വിഹാര കേന്ദ്രമായി സ്റ്റാൻഡും പരിസരവും മാറി.