ചെങ്ങന്നൂർ-പന്പ റെയിൽ പാത : പദ്ധതി നിർദേശങ്ങളോട് മുഖംതിരിച്ച് സംസ്ഥാനം
1494798
Monday, January 13, 2025 4:06 AM IST
പത്തനംതിട്ട: ചെങ്ങന്നൂർ - പമ്പ റെയിൽ പാതയുടെ നിർമാണച്ചെലവ് സംബന്ധിച്ച അവ്യക്തത നീങ്ങിയില്ല. പദ്ധതി ചെലവിന്റെ പകുതി മുടക്കാനാകുമോയെന്ന കേന്ദ്ര സർക്കാരിന്റെ ചോദ്യത്തിനു മുന്നിൽ സംസ്ഥാനം മറുപടി നൽകിയിട്ടില്ല. കേന്ദ്ര മന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയിട്ട് ഒരുവർഷത്തോളമായെങ്കിലും സംസ്ഥാനത്തെ നടപടികൾ മുന്നോട്ടുപോയിട്ടില്ല.
പദ്ധതിയുടെ വിശദരൂപരേഖകൾ റെയിൽ ബോർഡിന്റെ പരിഗണനയിലാണ്. സംസ്ഥാന സർക്കാർ നിലപാടിനായി കാത്തിരിക്കുകയാണ് ബോർഡ്. കഴിഞ്ഞ കേന്ദ്ര ബജറ്റിൽനിന്ന് റെയിൽവേക്കുള്ള വിഹിതത്തിൽ പദ്ധതി ഉൾക്കൊള്ളിക്കാൻ ബോർഡ് താത്പര്യപ്പെട്ടിരുന്നു.
നിർദിഷ്ട അങ്കമാലി - എരുമേലി പാതയെ പത്തനംതിട്ട വഴി വിഴിഞ്ഞത്തേക്ക് നീട്ടുകയും കണമലയിൽ സ്റ്റേഷൻ നിർമിക്കുകയും ചെയ്താൽ ചെങ്ങന്നൂർ - പമ്പ പാതയെ അവിടെ ബന്ധിപ്പിക്കാമെന്ന നിർദേശവുമുണ്ട്.
ചെങ്ങന്നൂർ നഗരസഭയിൽ നിന്നാരംഭിക്കുന്ന പാത പത്തനംതിട്ട ജില്ലയിലെ 16 ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ആറൻമുള, കോഴഞ്ചേരി, ചെറുകോൽ, അട്ടത്തോട്, പമ്പ എന്നിവയാണ് സ്റ്റേഷനുകളായി നിർദേശിക്കപ്പെട്ടത്. എന്നാൽ ആറന്മുളയും അട്ടത്തോടും പന്പയും പ്രധാന സ്റ്റേഷനുകളായി മാറാനാണ് നിർദേശം.
കേരളത്തിനു പൂർണ യോജിപ്പില്ല
ശബരിമല തീർഥാടന കാലത്തേക്കു മാത്രമായി ഇത്രയധികം മുതൽമുടക്കിൽ ഒരു പാത നിർമിക്കുന്നതിനോടുള്ള എതിർപ്പാണ് കേരളത്തിനുള്ളത്. ചെങ്ങന്നൂർ - പമ്പ അതിവേഗ പാതയെന്ന നിലയിലാണ് നിർമിക്കുന്നത്. ശബരിമല തീർഥാടനകാലത്തേക്കു മാത്രമാകും ഇതിന്റെ പ്രയോജനം. അല്ലാത്തപ്പോൾ പാത അടച്ചിടാനാണ് തീരുമാനം.
കോടികൾ ചെലവഴിച്ച് പൂർണസമയം ഗതാഗതം സാധ്യമാകാത്ത പദ്ധതിയോടു സംസ്ഥാനത്തിനു പൂർണ യോജിപ്പില്ല. നിർദിഷ്ട അങ്കമാലി - എരുമേലി പദ്ധതിക്ക് പകുതി പണം സംസ്ഥാനം മുടക്കണമെന്ന കേന്ദ്ര നിർദേശത്തിലും തീരുമാനമായിട്ടില്ല.
പകുതി ചെലവ് വഹിക്കാൻ കിഫ്ബിയെടുക്കുന്ന വായ്പയെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ചെങ്ങന്നൂർ - പമ്പ പാത പദ്ധതി ചെലവിന്റെ പകുതി വഹിക്കണമെന്ന കേന്ദ്രനിർദേശവും സംസ്ഥാനത്തിന്റെ മുന്നിലുള്ളത്.
സംസ്ഥാനം വഹിക്കേണ്ടത് 3800 കോടി
ചെങ്ങന്നൂർ - പന്പ പാതയ്ക്കായി 7600 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 3800 കോടി രൂപ സംസ്ഥാനം വഹിക്കണം. മൂന്നു രൂപരേഖകളാണ് റെയിൽവേ ബോർഡിലുള്ളത്.
ഇതോടൊപ്പം സ്ഥലം ഏറ്റെടുക്കേണ്ട ഭാഗങ്ങളിൽ അതിനുള്ള ജോലികൾ നടത്തേണ്ടതും സംസ്ഥാനമാണ്. 75 കിലോമീറ്ററാണ് പാതയുടെ ദൈർഘ്യം. ആകാശപ്പാത കടന്നുപോകുന്ന പടിഞ്ഞാറൻ മേഖലയിൽ സ്ഥലം ഏറ്റെടുക്കേണ്ടിവരും.
കിഴക്കൻ മേഖലയിൽ ഏറെയും നദികളുടെ പുറന്പോക്കും വനഭൂമിയുമാണ്. ഇതു സംബന്ധിച്ചും തീരുമാനം സംസ്ഥാന സർക്കാരിന്റേതാണ്.