നാടിന്റെ പൈതൃകം തൊട്ടറിഞ്ഞ് സൈക്കിള്‍ സവാരി
1494799
Monday, January 13, 2025 4:06 AM IST
കല്ലൂപ്പാറ: മണിമല നദീതടത്തില്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുടെ ചരിത്രവും പൈതൃകവും പഠനവിധേയമാക്കുന്നതിനും സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനുമായി രൂപം കൊടുത്ത മണിമല നദീതട പൈതൃക പദ്ധതിയുടെ ആഭിമുഖ്യത്തില്‍ വിളംബര പരിപാടിയായി സൈക്കിള്‍ സവാരി നടത്തി.
കവിയൂര്‍ മഹാദേവക്ഷേത്രത്തിനു മുന്നില്‍നിന്നാരംഭിച്ച് തൃക്കക്കുടി ഗുഹാക്ഷേത്രം, ഞാലിക്കണ്ടം, കല്ലൂപ്പാറ വലിയപള്ളി, കല്ലൂപ്പാറ ദേവീക്ഷേത്രം, ഇണ്ടംതുരുത്തി കളരി, പച്ചത്തുരുത്ത്, പുറമറ്റം, ഇരവിപേരൂര്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ശങ്കരമംഗലം തറവാട്ടില്‍ സമാപിച്ച 42 സൈക്കിള്‍ സവാരിക്കാര്‍ പങ്കെടുത്തു.
ചങ്ങനാശേരി എന്‍എസ്എസ് കോളജ് മലയാളവിഭാഗം മുന്‍ മേധാവി ഡോ.ബി. രവികുമാര്‍ ഫ്ളാഗ് ഓഫ് ചെയ്തു. ടൂറിസം പദ്ധതിയുടെ ഭാഗമായ ക്രൂയിസ് ഓണ്‍ എ പെപ്പര്‍ ബോട്ടിന്റെ ലോഗോ കവിയൂര്‍ മഹാദേവ ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് എന്‍.ജി. സുശീലന് പ്രകാശനം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സവാരിക്കാര്‍ക്ക് സ്വീകരണം നല്കി. കല്ലൂപ്പാറ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന് പച്ചത്തുരുത്തില്‍ സ്വീകരണം നല്കി.
ഫ്ളൈയിംഗ് വീല്‍സ്, തിരുവല്ല, കോട്ടയം സൈക്ലിംഗ് ക്ലബ്, കേരള പ്രാദേശികചരിത്ര പഠനസമിതി, ധരിണി എക്കോളജിക്കല്‍ ആന്‍ഡ് ഹെറിറ്റേജ് കണ്‍സര്‍വേഷന്‍ ട്രസ്റ്റ്, എന്നീ സംഘടനകള്‍ ചേര്‍ന്നാണ് സവാരി സംഘടിപ്പിച്ചത്.
നാടിന്റെ സാംസ്കാരികചരിത്രത്തില്‍ പുതുതലമുറയ്ക്ക് താത്പര്യമുണ്ടാക്കുന്നതിനും മണ്ണിന്റെയും നദിയുടെയും പരിസ്ഥിതിയുടെയും വീണ്ടെടുപ്പിന് പ്രചോദനമേകാനും കലാവിഷ്കാരങ്ങളെയും പൈതൃക തനിമയെയും മുന്‍നിര്‍ത്തിയുള്ള സഞ്ചാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സംഘാടക സമിതി അംഗങ്ങളായ കേരള പ്രാദേശിക ചരിത്ര പഠന സമിതി ജനറല്‍ സെക്രട്ടറി പള്ളിക്കോണം രാജീവ്,
ധരിണി ചെയര്‍പെഴ്സണ്‍ ജിസ്നി ജോര്‍ജ്, കല്ലൂപ്പാറ അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസേഴ്സ് ആന്‍ഡ് പ്രമോട്ടേഴ്സ് അസോസിയേഷന് സെക്രട്ടറി ലെജു ഏബ്രഹാം, കെസിസി കോ- ഓര്‍ഡിനേറ്റര്‍ ജോയല്‍ ജോസഫ് കറുകയില്‍ എന്നിവര്‍ പറഞ്ഞു.
ശങ്കരമംഗലത്ത് ചേര്‍ന്ന സമാപനയോഗത്തില്‍ പള്ളിക്കോണം രാജീവ്, ലെജു ഏബ്രഹാം, ജിസ്നി ജോര്‍ജ്, ജോര്‍ജ് കുരുവിള, ഫാ.സൈജു അയ്യങ്കരി, സി.കെ. മത്തായി എന്നിവ് പ്രസംഗിച്ചു.