ദൈവമുഖത്ത് മന്ദസ്മിതം വിരിയിക്കുന്നതാണ് മനുഷ്യജീവിതത്തിന്റെ മഹത്വം: മാർ ഈവാനിയോസ്
1494797
Monday, January 13, 2025 4:06 AM IST
റാന്നി: ദൈവത്തിന്റെ മുഖത്ത് ഒരു മന്ദസ്മിതം വിരിയിക്കുകയാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യമെന്ന് മാർത്തോമ്മ സഭ മുംബൈ - യുകെ, യൂറോപ്പ് ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പ. മാർത്തോമ്മ സഭ റാന്നി- നിലയ്ക്കൽ 26-ാമത് ഭദ്രാസന കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യന്റെ പ്രവൃത്തികൾകണ്ട് ദൈവം സന്തോഷിക്കണം. ക്രിസ്തീയ ദൗത്യത്തിന്റെ അടിസ്ഥാനം അതാണെന്നും എപ്പിസ്കോപ്പ ചൂണ്ടിക്കാട്ടി. റാന്നി - നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. റവ. ബോബി മാത്യു മുഖ്യ സന്ദേശം നൽകി.
ക്നനായ സഭ റാന്നി മേഖല അധ്യക്ഷൻ കുര്യാക്കോസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത, വികാരി ജനറാൾ റവ.ജോർജ് മാത്യു, ഭദ്രാസന സെക്രട്ടറി റവ. തോമസ് കോശി പനച്ചമൂട്ടിൽ, ട്രഷറാർ അനു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. റവ. ജോസ് ഏബ്രഹാം പ്രാർഥനയ്ക്ക് നേതൃത്വം നൽകി.