വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ
1494806
Monday, January 13, 2025 4:15 AM IST
തിരുവല്ല: തിരുവല്ലയിൽ വിദ്യാർഥിനിയെ പാർക്കിൽവച്ചു പീഡിപ്പിച്ചു ഗർഭിണിയാക്കുകയും തുടർന്ന് ഗർഭച്ഛിദ്രത്തിനു വിധേയയാക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചുങ്കപ്പാറ സ്വദേശി ജെസ്വിനെയാണ് (26) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
തിരുവല്ല പോലീസ് സ്റ്റേഷൻ പരിധിയിൽ കവിയൂർ പഞ്ചായത്തിലെ മനയ്ക്കച്ചിറ പാർക്കിലാണ് പീഡനം നടന്നതെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പ്രതിയുടെ മന്നംകരച്ചിറയിലെ വീട്ടിൽ എത്തിച്ചും പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.
കേസ് രജിസ്റ്റർ ചെയ്ത കാലയളവിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിന്റെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സിഡബ്ല്യുസിയുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ ഗർഭച്ഛിദ്രം നടത്തി.
നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭ്രൂണത്തിന്റെ ഡിഎൻഎ സാമ്പിൾ അടക്കം പോലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവ് എന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിനുവേണ്ടിയാണിത്.