ചുങ്കപ്പാറയ്ക്ക് ആത്മീയതേജസ് പകര്‍ന്ന മാത്യു ജോസഫ് വിടവാങ്ങി
1494796
Monday, January 13, 2025 4:06 AM IST
ചുങ്കപ്പാറ: ചുങ്കപ്പാറയുടെ മണ്ണില്‍ പതിറ്റാണ്ടുകള്‍ ആത്മീയതയുടെ നിറദീപം ചൊരിഞ്ഞ മുണ്ടാട്ടുചുണ്ടയില്‍ മാത്യു ജോസഫ് ( മാത്തുക്കുട്ടി- 95) വിടവാങ്ങി. വിശുദ്ധ അല്ഫോന്സാമ്മയില്നിന്ന് ആത്മീയ വചസുകള്‍ നേരിട്ടു സ്വീകരിച്ചയാളാണ് അദ്ദേഹം. അല്‍ഫോന്‍സാമ്മയുടെ പിതൃസഹോദര പൗത്രന് കൂടിയായ മാത്യു ജീവിതാവസാനംവരെയും സഭയോടും വിശുദ്ധരോടുമുള്ള വിശ്വാസത്തിലും ഭക്തിയിലും അണുവിട വ്യതിചലിക്കാതെയാണ് മുന്നോട്ടുപോയത്.
അല്‍ഫോന്‍സാമ്മയെക്കുറിച്ചുള്ള ദീപ്തസ്മരണകളുമായാണ് അദ്ദേഹം ജീവിച്ചതുതന്നെ. മാത്യുവിന്റെ മാതാവായ മുട്ടത്തുപാടത്ത് ആണ്ടുമാലില്‍ ത്രേസ്യാമ്മയും ബാല്യകാലത്തില്‍ അന്നക്കുട്ടി എന്ന പേരുണ്ടായിരുന്ന അല്‍ഫോന്‍സാമ്മയും 1916 മുതല്‍ ഒന്നിച്ചായിരുന്നു ആർപ്പൂക്കര തൊണ്ണംകുഴി ഗവണ്മെന്റ് സ്കൂളില്‍ പഠിച്ചിരുന്നത്.
അല്‍ഫോന്‍സാമ്മയുടെ സഭാവസ്ത്ര സ്വീകരണദിനമായ 1930 മേയ് 19നാണ് മാത്തുക്കുട്ടിയെന്ന മാത്യു ജോസഫിന്റെ ജനനം. ഞായറാഴ്ചകളില്‍ അല്‍ഫോന്‍സാമ്മയെ മഠത്തില്‍ സന്ദര്‍ശിച്ചിരുന്നു. അപ്പോഴൊക്കെ അല്ഫോന്സാമ്മതന്നെ സുകൃത ജപങ്ങള്‍ പഠിപ്പിച്ചിരുന്നത് മാത്യു പുണ്യംപോലെ മനസില്‍ സൂക്ഷിച്ചു.
തന്റെ ആത്മീയ ജീവിതത്തെ ഇതു സ്വാധീനിച്ചിരുന്നതായും അദ്ദേഹം സ്മരിക്കാറുണ്ടായിരുന്നു. അല്‍ഫോന്‍സാമ്മയെ വിശുദ്ധ പദവിയിലേക്കുയര്‍ത്തുന്ന ഓരോ പടവുകളിലും മാത്യു തന്റെ അനുഭവങ്ങള്‍ പ്രാര്‍ഥനാപൂര്‍വം പങ്കുവയ്ക്കുകയും ചെയ്തു.
അവിഭക്ത ചങ്ങനാശേരി അതിരൂപതയിലെ ചെറുപുഷ്പ മിഷന് ലീഗ് ഓര്‍ഗനൈസര്‍, സെക്രട്ടറി എന്നീ നിലകളിലും 65 വര്‍ഷം സണ്‍ഡേ സ്കൂള്‍ അധ്യാപകനായും സേവനമനുഷ്ഠിച്ചിരുന്നു. നിര്‍മലപുരം സെന്റ് മേരീസ് ദേവാലയത്തിന്റെയും കരുവള്ളിക്കാട് കുരിശുമല തീര്‍ഥാടനത്തിന്റെയും സ്ഥാപകനേതൃത്വം മാത്യുവിനുണ്ടായിരുന്നു.
വിമോചനസമരത്തിന്റെ മല്ലപ്പള്ളി മേഖലാ ക്യാപ്റ്റനായും പ്രവര്‍ത്തിച്ചു. ചുങ്കപ്പാറ ഗവൺമെന്റ് ഹോമിയോ ആശുപത്രിക്കു ഭൂമി വിട്ടുനല്‍കിയതും അതുവഴി ആശുപത്രി സ്ഥാപനത്തിനു മുന്കൈയെടുത്തതതും അദ്ദേഹമാണ്. 2016ല്‍ പ്രഥമ മാര്‍ കാളാശേരി അവാര്‍ഡ് നല്കി ചങ്ങനാശേരി അതിരൂപത ആദരിച്ചിരുന്നു.