ആരോഗ്യവകുപ്പിനു വിപുലമായ ക്രമീകരണങ്ങൾ
1494791
Monday, January 13, 2025 4:06 AM IST
ശബരിമല മകരവിളക്കിനോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. നാളെ വരെ കരിമല സർക്കാർ ഡിസ്പെൻസറി പ്രവർത്തിക്കും. അടിയന്തരഘട്ടങ്ങൾ നേരിടുന്നതിനുവേണ്ടി മെഡിക്കൽ ഓഫീസർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും റിസർവ് ലിസ്റ്റ് തയാറാക്കി ആളുകളെ സജ്ജരാക്കിയിട്ടുണ്ട്.
ആംബുലൻസ് ഉൾപ്പെടെയുള്ള മെഡിക്കൽ ടീമിന്റെ സേവനം ഹിൽ ടോപ്, ഹിൽ ഡൌൺ, ത്രിവേണി പെട്രോൾ പമ്പ്, ത്രിവേണി പാലം, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ചക്കുപാലം, ചാലക്കയം, അട്ടത്തോട്, നെല്ലിമല, പഞ്ഞിപ്പാറ, ഇലവുങ്കൽ, ആങ്ങമൂഴി എന്നിവിടങ്ങളിൽ ലഭ്യമാക്കും.
ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കും- 0468 2222642 , 0468 2228220 എന്നിവയാണ് ഫോൺ നമ്പറുകൾ.
മകരവിളക്കുമായി ബന്ധപ്പെട്ടു ഇപ്പോൾ നിലവിലുള്ള 25 ആംബുലൻസുകൾ കൂടാതെ 12 ആംബുലൻസുകൾകൂടി ക്രമീകരിച്ചിട്ടുണ്ട്. തിരുവാഭരണ ഘോഷയാത്രയ്ക്ക് അകമ്പടിയായി പന്തളം മുതൽ പമ്പ വരെയും പമ്പ മുതൽ പന്തളം വരെയും ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീമിനെ നിയോഗിച്ചു.
തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന ദിവസം പാതകളിലെ ആശുപത്രികളിൽ എല്ലാ വിഭാഗം ജീവനക്കാരുൾപ്പെടെ 24 മണിക്കൂറും പ്രവർത്തിക്കും. ശബരിമലയിൽ ഉണ്ടാകുന്ന മെഡിക്കൽ അത്യാഹിതങ്ങൾക്ക് പമ്പ കൺട്രോൾ റൂമിൽ ( 04735 - 203232) ബന്ധപ്പെടാമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.