ആറ് കിലോഗ്രാം കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ
1495218
Wednesday, January 15, 2025 3:43 AM IST
അടൂർ: പത്തനംതിട്ട ജില്ലാ പോലീസ് ഡാൻസാഫ് ടീമും ഏനാത്ത് പോലീസും നടത്തിയ സംയുക്തനീക്കത്തിൽ ആറ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവിനെ സാഹസികമായി പിടികൂടി.
പഴകുളം ചരിവുപറമ്പിൽ വീട്ടിൽ ബദറുദീനാണ് (29) അറസ്റ്റിലായത്. കൊട്ടാരക്കര ഭാഗത്തുനിന്നു കഞ്ചാവുമായി വന്ന ബൈക്ക് ഡാൻസാഫ് സംഘവും ഏനാത്ത് പോലീസും ചേർന്ന് കഴിഞ്ഞദിവസം രാത്രി ഏനാത്ത് പാലത്തിനു സമീപം സഹസികമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പാലത്തിനു നടുവിൽ കൈകാണിച്ചു നിർത്താൻ ശ്രമിക്കവേ, ഹെൽമെറ്റ് ഊരി പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ഇയാൾ തുനിഞ്ഞിരുന്നു. ബൈക്കും ഷോൾഡർ ബാഗിൽ സൂക്ഷിച്ച ആറു കിലോ കഞ്ചാവും പിടിച്ചെടുത്തു. ബൈക്കിന്റെ നമ്പർ എളുപ്പം കാണാൻ സാധിക്കാത്തവിധം മറച്ച നിലയിലായിരുന്നു.
ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിനു കിട്ടിയ രഹസ്യവിവരം കൈമാറിയതിനെത്തുടർന്നായിരുന്നു പോലീസിന്റെ സംയുക്തനീക്കം. മാസങ്ങളായി പ്രതി പോലീസിന്റെ നിരന്തരനിരീക്ഷണത്തിലായിരുന്നു. നർകോട്ടിക് സെൽ ഡിവൈഎസ്പി ഉമേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പോലീസ് നടപടി.
ഡാൻസാഫ് ടീമും ഏനാത്ത് പോലീസ് ഇൻസ്പെക്ടർ അമൃത് സിംഗ് നായകത്തിന്റെ നേതൃത്വത്തിലുള്ള സംഘവും ബൈക്ക് തടഞ്ഞു നിർത്തിയപ്പോൾ പോലീസിനെ ആക്രമിച്ച് ഓടിരക്ഷപ്പെടാൻ ഇയാൾ ശ്രമിച്ചു. പിന്നാലെയെത്തിയ പോലീസ് സംഘം ബദറുദീനെ കീഴ്പ്പെടുത്തുകയായിരുന്നു.
ഏനാത്ത് പോലീസ് ഇൻസ്പെക്ടർക്കൊപ്പം പോലീസ് ഉദ്യോഗസ്ഥരായ സാജൻ പീറ്റർ, ഷൈൻ, അമൽ, യൂനുസ്, സുനിൽ, അടൂർ പോലീസ് സ്റ്റേഷനിലെ ശ്യാം എന്നിവരും ഡാൻസാഫ് ടീമിലെ ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്.