തീർഥാടനകാലം കുറ്റമറ്റതാക്കിയത് ഏകോപനത്തിലെ മികവ്: മന്ത്രി വാസവൻ
1495216
Wednesday, January 15, 2025 3:43 AM IST
ശബരിമല: ദേവസ്വം ബോർഡ് ജീവനക്കാരുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും മറ്റ് ജീവനക്കാരുടെയും സന്നദ്ധസംഘടനകളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെയാണ് ഈ വർഷത്തെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനകാലം കുറ്റമറ്റതാക്കാൻ കഴിഞ്ഞതെന്ന് മന്ത്രി വി.എൻ. വാസവൻ.
ആതിഥേയ സംസ്കാരത്തിൽ ഉന്നതവും ഉദാത്തവുമായ മാതൃക സൃഷ്ടിച്ചും നിലവാരം ഉയർത്തിയും തീർഥാടനകാലം പൂർണതയിലേക്ക് കടക്കുകയാണ്. ഭക്തർ കുറ്റവും കുറവും പരാതിയും പരിഭവവും പറയാത്ത തീർഥാടന കാലമാണിത്. ഊണും ഉറക്കവും ഉപേക്ഷിച്ച് ഇത് സാധ്യമാക്കിയ എല്ലാവരെയും മന്ത്രി അഭിനന്ദിച്ചു.
ലക്ഷക്കണക്കിന് ഭക്തർക്ക് മകരവിളക്ക് ദർശന സൗകര്യം ഒരുക്കാൻ അർഥപൂർണമായ നടപടികൾ സർക്കാർ സ്വീകരിച്ചു. ശബരിമലയിൽ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കാൻ നിരവധി സന്നദ്ധ സംഘടനകളും മുന്നോട്ടുവന്നു.
ഭക്തരുടെ മടക്കയാത്രയ്ക്കുള്ള യാത്രാ സൗകര്യങ്ങളും സജ്ജമാണ്. മകരവിളക്കിനുശേഷം ഗുരുതിയോടെ 20നു നട അടയ്ക്കുന്നത് വരെ മുന്നൊരുക്കങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.