വിദേശ മലയാളികളുടെ സഹായത്താൽ വീടെന്ന സ്വപ്നം പൂവണിഞ്ഞു
1495229
Wednesday, January 15, 2025 3:54 AM IST
മുഹമ്മ: വിദ്യാർഥികളായ സഹോദരങ്ങൾക്ക് വിദേശമലയാളികളുടെ സഹായത്തോടെ നിർമിച്ച വീടിന്റെ താക്കോൽദാനം വർണാഭമായ ചടങ്ങുകളാടെ നടന്നു. പി.പി. ചിത്തരഞ്ജൻ എംഎൽഎ വീടിന്റെ താക്കോൽ കുടുംബത്തിനു കൈമാറി.
മണ്ണഞ്ചേരി ഇരുപത്തിയൊന്നാം വാർഡിൽ വാത്തിക്കാട് മേഘരാജ് -പ്രമീള ദമ്പതികളുടെ മക്കൾക്കാണ് വീട് നിർമിച്ച് നൽകിയത്. ഒരാൾ ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്. സഹോദരൻ മണ്ണഞ്ചേരി സ്കൂളിൽ ആറാം ക്ലാസിലും പഠിക്കുന്നു. അച്ഛനും അമ്മയും രണ്ടു മക്കളും അമ്മൂമ്മയും അടങ്ങുന്ന അഞ്ചംഗങ്ങളുൾപ്പെടുന്നതാണ് കുടുംബം.
അമേരിക്കയിലെ ഫ്ലോറിഡയിലെ നവകേരള മലയാളി അസോസിയേഷൻ ഭാരവാഹികളായ സുശീൽ കുമാർ നാലകത്ത്, ജയിൻ വാത്തിയേലിൽ, മാത്യു വർഗീസ്, ജോസഫ് പാണികുളങ്ങര എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തിരക്കഥാകൃത്ത് സുനീഷ് വാരനാട് മുഖ്യാതിഥിയായി.
ടിൻഷീറ്റു പാകിയ പാർപ്പിടത്തിലെ ഇത്തിരി വെട്ടത്തിൽ അധ്യാപകരെ അപ്രതീക്ഷിതമായി കണ്ടപ്പോൾ വിദ്യാർഥിനിയുടെ മുഖത്ത് മിന്നിയ അങ്കലാപ്പും പതർച്ചയുമാണ് അധ്യാപകരുടെ മനസിൽ കൊണ്ടത്.
വിദ്യാർഥിനിയുടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴും ആ മുഖഭാവം അവരെ വേട്ടയാടി. പിന്നീട് ക്ലാസ് അധ്യാപികയായ വിധു നഹാർ ഈ വിവരം മലയാളി അസോസിയേഷൻ ഭാരവാഹികളുടെ ശ്രദ്ധയിൽപ്പെടുത്തി വീട് നിർമാണത്തിന് അനുകൂലമായ തീരുമാനം നേടിയെടുത്തു. എൻജിനിയർ അനിൽകുമാർ ജിത്തൂസിനായിരുന്നു നിർമാണ ച്ചുമതല.
ആറുമാസം കൊണ്ട് ഏഴര ലക്ഷം രൂപ ചെലവിൽ 500 ചതുരശ്ര അടിയിലുള്ള വീടിന്റെ പണി പൂർത്തിയായി. രണ്ടുമൂറി, അടുക്കള, ഹാൾ, ശുചിമുറി സൗകര്യമുള്ളതാണ് വീട്.