അയിരൂര്‍ കഥകളി ഗ്രാമത്തില്‍ തെക്കന്‍ കലാമണ്ഡലം യാഥാർഥ്യമാകും: മന്ത്രി വീണാ ജോര്‍ജ്
1495057
Tuesday, January 14, 2025 4:06 AM IST
അയിരൂർ: കേരള സര്‍ക്കാര്‍ അംഗീകരിച്ച തെക്കന്‍ കലാമണ്ഡലം അയിരൂര്‍ കഥകളി ഗ്രാമത്തില്‍ താമസംവിനാ യാഥാർഥ്യമാകുമെന്ന് മന്ത്രി വീണാ ജോർജ്. ചെറുകോൽപ്പുഴ പന്പാ മണൽപ്പുറത്ത് പതിനെട്ടാമതു കഥകളിമേളയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അയിരൂര്‍ കഥകളി ഗ്രാമത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്. കലാമണ്ഡലവുമായി സഹകരിച്ച് കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിനു സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു.
കഥകളി ക്ലബ് രക്ഷാധികാരി രാജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ. ബി. അനന്തകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. 2024 ലെ അയിരൂർ രാമന്‍പിള്ള അവാര്‍ഡ് കഥകളിവേഷത്തെക്കുറിച്ചും അണിയറയെക്കുറിച്ചും സമഗ്രമായി പ്രതിപാദിക്കുന്ന വേഷം എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവും അണിയറ കലാകാരനുമായ പള്ളിപ്പുറം ഉണ്ണിക്കൃഷ്ണനും ഡോ. കെ.എന്‍. വിശ്വനാഥന് നായര്‍ അവാര്‍ഡ് കഥകളി നടന് കലാമണ്ഡലം രാമചന്ദ്രന് ഉണ്ണിത്താനും നല്കി ആദരിച്ചു.
കഴിഞ്ഞ ഏഴ് രാപ്പകലുകളില്‍ കഥകളിയുടെ തത്സമയ വിവരണം സ്ക്രീനില്‍ കാണികളിലെത്തിച്ച കൊടുങ്ങല്ലൂര്‍ ദിലീപ് കുമാറിനെ ആദരിച്ചു. കഥകളിയെക്കുറിച്ച് സമഗ്ര പഠനം നടത്തുന്നതിനും കഥകളി ശില്പശാല സംഘടിപ്പിക്കുന്നതിനും പന്തളം എന്‍എസ്എസ് കോളജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ധാരണാ പത്രം ജില്ലാ കഥകളി ക്ലബിന് ഡോ. അഞ്ജന എസ്. നായര്‍ സമര്‍പ്പിച്ചു.
ചലച്ചിത്ര നടന് മോഹന്‍ അയിരൂര്‍, കോട്ടയം കളിയരങ്ങ് സെക്രട്ടറി എം.ഡി. സുരേഷ് ബാബു, ജോണ്സണ് മാത്യു, വി.ആര്. വിമല്‍രാജ്, ടി. പ്രസാദ് കൈലാത്ത്, കെ. ജയവര്‍മ, ഡോ. ബി. ഉദയനന് എന്നിവര്‍ പ്രസംഗിച്ചു. വിദ്യാർഥികള്‍ക്കായി രാവിലെ നടന്ന ക്വിസ് മത്സരവും ചിത്രരചനാ മത്സരവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് വി. പ്രസാദ് ധ്യക്ഷത വഹിച്ചു.
ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്റ് വി. സാംബദേവന്‍, എം. അയ്യപ്പന്‍കുട്ടി, അജയ് ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.