റാന്നി നോളജ് വില്ലേജ് പദ്ധതി: പാത്ത് ഫൈൻഡർ ഉദ്ഘാടനം 16ന്
1495056
Tuesday, January 14, 2025 4:06 AM IST
റാന്നി: റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായുള്ള പാത്ത് ഫൈൻഡർ - 2025, 16ന് രാവിലെ 11ന് റാന്നി എസ്സി ഹയർ സെക്കൻഡറി സ്കൂളിൽ ഡോ. ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും.
റാന്നി നിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതിക്കായി പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിൽ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് റാന്നി നോളജ് വില്ലേജ്. അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസരംഗം വരെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മീറ്റ് ദ മാസ്റ്റേഴ്സ്, നോളജ് അസംബ്ലി, അക്കാദമിക് വർക്ക്ഷോപ്പുകൾ, കുട്ടികൾ തയാറാക്കിയ ഇ-ബുക്ക് ആവിഷ്കാർ, ഇംഗ്ലീഷ് ബിനാലെ തുടങ്ങിയ നിരവധി വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ നടന്നത്.
റാന്നി നിയോജകമണ്ഡലത്തിൽ നടപ്പാക്കിയ ഈ പദ്ധതി കേരളസർക്കാർ ഏറ്റെടുക്കുകയും ഇന്നവേഷൻ ഹബ് ഉൾപ്പെടെയുള്ള സ്കിൽ പാർക്ക് റാന്നിയിൽ ആരംഭിക്കുന്നതിന് സംസ്ഥാന ബജറ്റിൽ 10 കോടി രൂപയും അനുവദിച്ച് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ പൂർത്തിയായി വരികയാണെന്ന് പ്രമോദ് നാരായൺ എംഎൽഎ പറഞ്ഞു.
വിദേശ ഭാഷാ പരിശീലനത്തിനും നഴ്സിംഗ് ജോലിക്കായി സൗജന്യ റിക്രൂട്ട്മെന്റിനുമായി സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ ഒഡേപക് ലാംഗ്വേജ് ഇൻസ്റ്റിറ്റ്യൂട്ടും റാന്നിയിൽ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞത് മറ്റൊരു നേട്ടമായി.
രാജ്യത്ത് ആദ്യമായി ഒരു നിയോജകമണ്ഡലത്തിലെ എല്ലാ വിദ്യാർഥികളുടേയും അഭിരുചി നിർണയിക്കുന്ന ആപ്റ്റിറ്റ്യൂട് മാപ്പിംഗ് നടത്തിയും തുടർന്ന് വിവിധ സ്കോളർഷിപ്പ് പരീക്ഷകൾക്കുള്ള മാർഗനിർദേശങ്ങൾ നൽകിയും സയൻസ്, കൊമേഴ്സ് കോൺക്ലേവുകൾ നടത്തിയുമാണ് നോളജ് വില്ലേജ് പദ്ധതിയുടെ ഒന്നാം ഘട്ടം റാന്നിയിൽ പൂർത്തിയാക്കിയത്. ഇതിന്റെ രണ്ടാം ഘട്ടമായാണ് പാത്ത് ഫൈൻഡർ 2025നു തുടക്കം കുറിക്കുന്നത്.
പാത്ത് ഫൈൻഡർ 2025 പദ്ധതിയിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി നൂതന ആശയങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. കോട്ടയത്തെ കെ. ആർ. നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടും എസ്ഐടി ചേർന്ന് കുട്ടികൾക്ക് സിനിമ മീഡിയ പഠനം സാധ്യമാക്കുന്നതിന് നടപടി ആരംഭിച്ചിട്ടുണ്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റിയുടെ (കുസാറ്റ്) സഹകരണത്തോടെ ആർട്ടിഫിഷൽ ഇന്റലിജൻസ്, നാനോ ടെക്നോളജി, റോബോട്ടിക്സ് എന്നിവയും വിദ്യാർഥികളെ പരിചയപ്പെടുത്തും. നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷന്റെ മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിംഗ് സെന്റർ ഏപ്രിൽ ഒന്നുമുതൽ പ്രവർത്തനം ആരംഭിക്കും
ഉദ്ഘാടനത്തിന് എത്തുന്ന ശശി തരൂർ വിദ്യാർഥികളുമായി സംവദിക്കും. റാന്നി നിയോജകമണ്ഡലത്തിലെ വിവിധ സ്കൂളുകളിൽനിന്ന് ഹൈസ്കൂൾ മുതൽ കോളജ് തലം വരെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ കഴിയുക.