പതിനെട്ടുകാരിക്കു നേരേ പീഡനം : കേസുകളിൽ വൈവിധ്യം; മൊഴിയിലെ ആറുപേർ ഒഴിവാകും
1495049
Tuesday, January 14, 2025 3:54 AM IST
പത്തനംതിട്ട: പതിനെട്ടുകാരി തുടര്‍ച്ചയായ ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തില്‍ കൂടുതല്‍ കേസുകളെടുത്ത് പോലീസ്. വ്യത്യസ്ത സാഹചര്യങ്ങളിലും സ്ഥലങ്ങളിലുമായാണ് തുടര്‍ച്ചയായ രണ്ടുവര്‍ഷം പീഡനങ്ങള്‍ അരങ്ങേറിയിരിക്കുന്നതെന്നതിനാല് കേസുകളും നിരവധിയാണ്. പ്രതികളില്‍ നല്ലൊരു പങ്കും യുവാക്കളാണ്.
മൊഴിപ്രകാരം 64 പേരുകള്‍ പെൺകുട്ടി നല്‍കിയിട്ടുണ്ടെങ്കിലും ഇവ വിശദമായി പരിശോധിച്ചാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതെന്ന് പോലീസ് പറഞ്ഞു. നവവരന് മുതല്‍ പ്ലസ്ടു വിദ്യാര്‍ഥികളും തൊഴിലാളികളും എല്ലാം അടങ്ങുന്ന പ്രതിപ്പട്ടിക നാട്ടിലാകെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
58 പേർ നിലവിൽ കേസിലുൾപ്പെടുമെന്നാണ് പോലീസ് നല്കുന്ന സൂചന. ഇതിൽ 42 പേർ നിലവിൽ അറസ്റ്റിലായി. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
പീഡന സാഹചര്യം വ്യത്യസ്തം
രണ്ടുവർഷത്തോളം പെൺകുട്ടിയുമായി ബന്ധപ്പെട്ട പീഡന കഥകൾ പുറത്തുവന്നപ്പോൾ സാഹചര്യങ്ങളും സ്ഥലവും വ്യത്യസ്തമായതിനാലാണ് വിവിധ സ്റ്റേഷനുകളിലേക്ക് കേസുകൾ മാറ്റിയിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം പ്ലസ് ടുവിന് പഠിക്കുമ്പോള്‍ ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട ദീപുവും ഇയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് റാന്നി മന്ദിരംപടിയിലെ റബര്‍ തോട്ടത്തില്‍ എത്തിച്ച് കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചതായി മൊഴി നല്‍കിയതുപ്രകാരം പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആറു പേര് റാന്നിയില്‍നിന്ന് പിടിയിലായത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ഫെബ്രുവരിയില്‍ ഒരു ദിവസം നേരില്‍ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറില്‍ രണ്ട് കൂട്ടുകാര്‍ക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവര്‍ മൂവരും, തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ എത്തിയ മറ്റ് മൂന്നുപ്രതികളും പീഡിപ്പിച്ചു. പി. ദീപു (22), അനന്ദു പ്രദീപ് (24), അരവിന്ദ് (23), വിഷ്ണു (24), ബിനു ജോസഫ് (39), അഭിലാഷ് കുമാര്‍ (19) എന്നിവരാണ് ഈ കേസില്‍ പിടിയിലായത്.
ജനറല്‍ ആശുപത്രിയിലും പീഡിപ്പിച്ചു, നാലു പേര് കുറ്റാരോപിതര്‍
പതിനെട്ടുകാരിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പീഡിപ്പിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ നാലുപേര്‍ക്കെതിരേ പത്തനംതിട്ട പോലീസ് മറ്റൊരു കേസുകൂടി എടുത്തു. കഴിഞ്ഞവര്‍ഷം ജനുവരിയലാണ് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ കൂട്ട ബലാല്‍സംഗത്തിനിരയാക്കിയത്.
പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍നിന്ന് കാറില്‍ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറില്‍ വച്ച് രണ്ടുപേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തിയതുപ്രകാരം എടുത്ത കേസാണ് മറ്റൊന്ന്.
ലൈംഗികമായി പീഡിപ്പിച്ചശേഷം ഇവര്‍ വീടിനരികില്‍ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവര്‍ഷം ജൂലൈയിലാണ് സംഭവം. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചാണ് പ്രതികളില്‍ പലരെയും പരിചയപ്പെട്ടതും കുട്ടിയെ പലയിടങ്ങളിലേക്കും വാഹനങ്ങളില്‍ കൊണ്ടുപോയി പീഡനത്തിനു വിധേയയാക്കിയതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.