ഹരിവരാസനം പുരസ്കാരം കൈതപ്രത്തിനു സമ്മാനിച്ചു
1495215
Wednesday, January 15, 2025 3:43 AM IST
ശബരിമല: സാംസ്കാരിക, സംഗീത സൃഷ്ടികൾക്കുപരിയായി താൻ ജീവിതത്തിൽ ഉയർത്തിപ്പിടിച്ച മാനവികതയും സാമൂഹ്യബോധവുമാണ് ഹരിവരാസനം പുരസ്കാരത്തിനുതന്നെ അർഹനാക്കിയതെന്ന് വിശ്വസിക്കുന്നതായി കൈതപ്രം ദാമോദരൻ നമ്പൂതിരി. തിരുവിതാംകൂർ ദേവസ്വം ബോർഡ് സമ്മാനിച്ച പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
താനും ദേവസ്വം ബോർഡ് ജീവനക്കാരനായിരുന്നുവെന്നും തനിക്ക് ലഭിച്ച പുരസ്കാരം തീർഥാടന കാലത്ത് വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ജീവനക്കാർക്കായി വീതിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എടപ്പഴഞ്ഞി പാങ്ങോട് ശാസ്താ ക്ഷേത്രത്തിൽ ശാന്തിയായിരിക്കെ പ്രദേശത്ത് സാമുദായിക സൗഹാർദം വളർത്താനായി പ്രവർത്തിച്ചിട്ടുണ്ട്.
പൂഞ്ഞാറിൽ ശാന്തിയായി പ്രവർത്തിക്കവേ ശമ്പളവും ദക്ഷിണയും വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചു. ഇത് അവിടുത്തെ ഭക്തരിൽ വലിയ സ്വാധീനമുണ്ടാക്കി. നിവേദ്യച്ചോറ് സാധാരണ ജനങ്ങൾക്ക് നൽകിയിരുന്നു. വിശന്നു വലയുന്നവർക്ക് ഭക്ഷണം നൽകിയത് മഹാപുണ്യമായി ഭഗവാൻ കരുതും. സാമൂഹ്യ-സാംസ്കാരിക രംഗത്ത് നടത്തിയ ഇത്തരം പ്രവർത്തനങ്ങളാണ് ഹരിവരാസനം പുരസ്കാരത്തിന് തന്നെ അർഹനാക്കിയതെന്നാണ് വിശ്വസിക്കുന്നത്.
ശബരിമല സന്നിധാനം ശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എൻ. വാസവനാണ് ഹരിവരാസനം പുരസ്കാരം കൈതപ്രത്തിന് സമ്മാനിച്ചത്. തമിഴ്നാട് ഹിന്ദുമത ധർമസ്ഥാപന മന്ത്രി പി.കെ. ശേഖർ ബാബു മുഖ്യാതിഥിയായിരുന്നു. പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എംഎൽഎ,
ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ശബരിമല എഡിഎം അരുൺ എസ്. നായർ, പത്തനംതിട്ട സബ് കളക്ടർ സുമിത്ത് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമ്മീഷണർ സി.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.
റവന്യു, ദേവസ്വം വകുപ്പ് അഡീഷണൽ സെക്രട്ടറി ടി.ആർ. ജയപാൽ പ്രശസ്തിപത്ര പാരായണം നടത്തി. സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങൾ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിനെ ഒരു ലക്ഷം രൂപ നൽകി വേദിയിൽ ആദരിച്ചു.