സിപിഎം, സിപിഐ ധാരണ പാളി; രാജിയുടെ രാജി വൈകും
1495053
Tuesday, January 14, 2025 4:06 AM IST
പത്തനംതിട്ട: അവസാന ടേമിലെ അധ്യക്ഷ സ്ഥാനത്തുള്ളവരുടെ കാത്തിരിപ്പ് നീളുന്നു. ജില്ലയിൽ എൽഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്ത്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത്, ഏറത്ത് ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ മുന്നണി ധാരണ പ്രകാരം അധ്യക്ഷരുടെ രാജി ഇന്നലെയും ഉണ്ടായില്ല. ഞായറാഴ്ച വൈകുന്നേരം സിപിഎം, സിപിഐ ജില്ലാ നേതാക്കൾ കൂടിയാലോചിച്ച് ഇന്നലെ അധ്യക്ഷ സ്ഥാനങ്ങളിൽനിന്ന് രാജി ഉണ്ടാകണമെന്ന് തീരുമാനമെടുത്തിരുന്നു. എന്നാൽ മൂന്നിടങ്ങളിലും വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് രാജി നീട്ടി.
ജില്ലാ പഞ്ചായത്തിൽ സിപിഐ പ്രതിനിധി രാജി പി. രാജപ്പൻ രാജിക്കു തയാറായി രാവിലെ ഓഫീസിൽ എത്തിയെങ്കിലും പാർട്ടി നിർദേശം എത്തിയില്ല. പറക്കോട് ബ്ലോക്ക് പഞ്ചായത്തിൽ സിപിഎം പ്രതിനിധിയായ പ്രസിഡന്റ് ആർ. തുളസീധരൻപിള്ള സ്ഥാനമൊഴിഞ്ഞ് അധ്യക്ഷ സ്ഥാനം സിപിഐക്ക് കൈമാറണം. ഏറത്ത് സിപിഎം പ്രതിനിധി സന്തോഷ് ചാത്തന്നൂപ്പുഴ രാജിവച്ച് പ്രസിഡന്റ് സ്ഥാനം സിപിഐയ്ക്ക് നൽകണം. ഈ രണ്ട് ധാരണകളും നടപ്പാകാതെ വന്നതോടെയാണ് ജില്ലാ പഞ്ചായത്തിലും രാജി വൈകിയത്.
അവസാനത്തെ ഒരു വർഷം ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് - എമ്മിനാണ് പ്രസിഡന്റു സ്ഥാനം ലഭിക്കേണ്ടത്. സിപിഐ പ്രതിനിധി രാജിവയ്ക്കാതെ വന്നതോടെ കേരള കോൺഗ്രസ് പ്രതിഷേധം അറിയിച്ചിരുന്നു. ഇതേത്തുടർന്നാണ് സിപിഎം, സിപിഐ ചർച്ച നടന്നത്. ജില്ലാ നേതാക്കൾ ധാരണയിലെത്തിയെങ്കിലും പറക്കോട് ബ്ലോക്കിലും ഏറത്ത് പഞ്ചായത്തിലും നിലവിലെ പ്രസിഡന്റുമാർ ഏതാനും ദിവസങ്ങളുടെ സാവകാശം ചോദിക്കുകയായിരുന്നു.
രാജി ഇന്നില്ല, നാളെ മുതൽ ടൂർ
ഇന്ന് അവധി ദിവസമായതിനാൽ ജില്ലാ പഞ്ചായത്തിലോ ഇതര തദ്ദേശ സ്ഥാപനങ്ങളിലോ അധ്യക്ഷരുടെ രാജി ഇന്നുണ്ടാകില്ല. നാളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നാണ് കേരള കോൺഗ്രസ് -എം നേതാക്കൾക്കു നൽകിയിരിക്കുന്ന ഉറപ്പ്.
എന്നാൽ നാളെ മുതൽ ജില്ലാ പഞ്ചായത്തംഗങ്ങളുടെ അരുണാചൽ പ്രദേശ് സന്ദർശനം ആരംഭിക്കുകയാണ്. പ്രസിഡന്റ് രാജിവച്ചശേഷം യാത്രയ്ക്കു പോകാനുള്ള സാധ്യത കുറവാണ്. ഇതിനു മുന്പായി രാജി നൽകി വൈസ് പ്രസിഡന്റിനു ചുമതല നൽകുകയായിരുന്നു ലക്ഷ്യം. നേരത്തെതന്നെ തീരുമാനിച്ച യാത്രയാണ് അരുണാചൽപ്രദേശിലേക്കുള്ളത്.
മടങ്ങിവന്നശേഷം രാജിയെക്കുറിച്ച് ആലോചിച്ചാൽ മതിയെന്ന ധാരണയാകും ഇനിയുള്ളത്. അവസാന ഒരുവർഷമാണ് കേരള കോൺഗ്രസ്-എമ്മിനു പറഞ്ഞിരുന്നത്. സിപിഐക്കും ഒരു വർഷം പറഞ്ഞിരുന്നെങ്കിലും അവർക്കു സ്ഥാനം ലഭിച്ചത് മൂന്നുമാസം വൈകിയാണ്. അടുത്ത ഡിസംബർ ആദ്യം പുതിയ തെരഞ്ഞെടുപ്പ് നടക്കും. ഇതോടെ ഇനി ചുമതലയേൽക്കുന്നവർക്ക് അധ്യക്ഷ സ്ഥാനത്ത് മാസങ്ങൾ മാത്രമേ ഉണ്ടാകൂ.
പര്യടനം മാറ്റിവയ്ക്കണമെന്ന് കേരള കോൺഗ്രസ്-എം
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത് പ്രസിഡന്റു സ്ഥാനത്തുനിന്ന് രാജിവയ്ക്കാതെ നാളെ മുതൽ അരുണാചൽപ്രദേശ് അടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നടത്താനിരിക്കുന്ന പര്യടനം മാറ്റിവയ്ക്കണമെന്ന് കേരള കോൺഗ്രസ് -എം എൽഡിഎഫ് ജില്ലാ കൺവീനർക്കും സിപിഎം ജില്ലാ സെക്രട്ടറിക്കും കത്തു നൽകി.
എൽഡിഎഫ് ധാരണപ്രകാരം സിപിഐ പ്രതിനിധി രാജി പി. രാജപ്പൻ പ്രസിഡന്റു സ്ഥാനത്ത് കാലാവധി പൂർത്തിയാക്കിയിരിക്കുകയാണ്. പിന്നീട് ഓരോ കാരണങ്ങൾ പറഞ്ഞു രാജി നീട്ടുകയാണെന്ന് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് സജി അലക്സ് പറഞ്ഞു.
നാളെ മുതൽ പ്രസിഡന്റും സംഘവും ഉത്തരേന്ത്യൻ പര്യടനം നടത്താനിരിക്കുകയാണ്. ഇതു ശരിയല്ലെന്നും എൽഡിഎഫ് ഇടപെട്ട് പര്യടനം മാറ്റിവയ്പിക്കണമെന്നും കേരള കോൺഗ്രസ് - എം നൽകിയ കത്തിൽ ആവശ്യപ്പെട്ടു.