ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുമെന്ന് മന്ത്രി വാസവൻ
1495046
Tuesday, January 14, 2025 3:54 AM IST
പത്തനംതിട്ട: ശബരിമല ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുമെന്ന് മന്ത്രി വി.എൻ. വാസവൻ. തീർഥാടകർക്കായി നിലയ്ക്കലിൽ നിർമിച്ച ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇടത്താവളങ്ങളുടെ സൗകര്യം വർധിപ്പിക്കുന്നതിന് സർക്കാർ അനുവദിച്ച കിഫ്ബി ഫണ്ടിൽനിന്നുമാണ് കെട്ടിടം നിർമിച്ചത്.
എരുമേലി, ചെങ്ങന്നൂർ, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നിവിടങ്ങളിലും കെട്ടിടങ്ങളുടെ നിർമാണം സമീപഭാവിയിൽ പൂർത്തിയാകും. ശബരിമല തീർഥാടകർക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യം. ശബരിമല വികസനവുമായി ബന്ധപ്പെട്ട് ആയിരത്തിലധികം കോടിയുടെ മാസ്റ്റർ പ്ലാനിന് കാബിനറ്റ് അംഗീകാരം ലഭിച്ചു.
ഇതിൽ 778 കോടി ശബരിമല വികസനത്തിനും 255 കോടി പമ്പയുടെ വികസനത്തിനുമാണ്. പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി മൂന്ന് ഘട്ടങ്ങളിലായി യാഥാർഥ്യമാക്കും. ശബരിമല റോപ് വേയും ഉടൻ യാഥാർഥ്യമാകും. ശബരിമലയിൽ എത്തുന്ന വയോധികർക്കും രോഗികളായ തീർഥാടകർക്കും ഏറെ ആശ്വാസമാകുമെന്നും മന്ത്രി വാസവൻ പറഞ്ഞു.