മലങ്കര കാത്തലിക് മദേഴ്സ് ഫോറം വാർഷിക സമ്മേളനം
1495054
Tuesday, January 14, 2025 4:06 AM IST
പത്തനംതിട്ട: ഏറ്റെടുക്കുന്ന കാര്യങ്ങൾ ഭംഗിയായും ചിട്ടയായും കൃത്യതയോടെയും സമയബന്ധിതമായും നടപ്പാക്കാൻ പ്രാപ്തിയുള്ളവരായതിനാലാണ് അമ്മമാരെ സമൂഹത്തിന്റെയും കുടുംബത്തിന്റെയും വിളക്കായി അംഗീകരിക്കുന്നതെന്ന് പത്തനംതിട്ട രൂപത വികാരി ജനറാൾ മോൺ. വർഗീസ് കാലായിൽ വടക്കേതിൽ.
മലങ്കര കാത്തലിക് മദേഴ്സ് ഫോറം പത്തനംതിട്ട രൂപത വാർഷിക സമ്മേളനം പത്തനംതിട്ട സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ ദേവാലയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് ഷീജ ഏബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ സ്ഥാനത്തുനിന്നു വിരമിച്ച ഫാ. വർഗീസ് ചാമക്കാലയിലിനെ ആദരിച്ചു. പുതിയ ഡയറക്ടർ ഫാ. വർഗീസ് വിളയിലിനെ യോഗം അനുമോദിച്ചു. പത്തനംതിട്ട ജില്ലാ വികാരി ഫാ. ജോൺസൺ പാറയ്ക്കൽ, രൂപത ആനിമേറ്റർ സിസ്റ്റർ പവിത്ര,
ജില്ലാ ഡയറക്ടർമാരായ ഫാ. ജയിംസ് തടത്തിൽ, ഫാ. വർഗീസ് തോമസ് ചാമക്കാലയിൽ, സിസ്റ്റർ നവ്യ, സിസ്റ്റർ ദർശന, ഡയാന സിനു, അന്നമ്മ ചാക്കോ, മേരിക്കുട്ടി ജോർജ്, ജയ്സമ്മ ജോസഫ്, മാർഗരറ്റ് എന്നിവർ പ്രസംഗിച്ചു.
മിഷൻ പ്രദേശത്ത് ഒരു ദേവാലയം പുനരുദ്ധരിക്കുന്നതിനുവേണ്ടി വിവിധ ഇടവകകളിലെ അമ്മമാർ സ്വരൂപിച്ച സംഭാവന രൂപതാധ്യക്ഷൻ ഡോ. സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയ്ക്ക് കൈമാറി.