അതിജീവന യാത്രയിൽ വയനാട് സംഘം ശബരിമലയിൽ
1495048
Tuesday, January 14, 2025 3:54 AM IST
ശബരിമല: ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചിൽ വേ൪പിരിച്ച ജീവിതങ്ങൾ ജ്യോതി ദ൪ശനത്തിനായി അയ്യപ്പ സന്നിധിയിൽ. ഉരുൾപൊട്ടൽ നാശം വിതച്ച വയനാട്ടിലെ ചൂരൽമല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് മകര ജ്യോതി ദ൪ശിക്കാനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവർ സന്നിധാനത്ത് എത്തിയത്.
ഈ മൂന്ന് ഗ്രാമങ്ങളിൽനിന്ന് 150 ലധികം ഭക്ത൪ ഓരോ വ൪ഷവും അയ്യപ്പസന്നിധിയിലെത്താറുണ്ട്. മുണ്ടക്കൈ മാരിയമ്മ൯ ക്ഷേത്രത്തിൽനിന്ന് സുബ്രഹ്മണ്യൻ ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇവ൪ എത്തിയിരുന്നത്. എന്നാൽ മാരിയമ്മൻ ക്ഷേത്രവും സുബ്രഹ്മണ്യൻ സ്വാമിയും അദ്ദേഹത്തിന്റെ 13 ബന്ധുക്കളും ഉരുൾപൊട്ടലിൽ ഒലിച്ചുപോയി.
ഒന്നിച്ചു കഴിഞ്ഞിരുന്ന ഈ മൂന്ന് ഗ്രാമങ്ങളിലെയും ഭക്ത൪ ഇപ്പോൾ പലയിടങ്ങളിലായി വാടക വീടുകളിലാണ് താമസം. മേപ്പാടിയിലെ മാരിയമ്മൻ ക്ഷേത്രത്തിൽനിന്ന് കെട്ടുനിറച്ച് ഗുരുസ്വാമി രാമൻകുട്ടിയുടെ നേതൃത്വത്തിൽ 50 പേരാണ് ഇക്കുറി മല ചവിട്ടിയത്.
കഴിഞ്ഞ വ൪ഷം വന്നുപോയ നിരവധി പേ൪ ഇത്തവണ തങ്ങൾക്കൊപ്പമില്ലെന്ന് ഡ്രൈവറായ എം. സോബിൻ പറഞ്ഞു. മുണ്ടക്കൈയിൽനിന്ന് സോബിൻ മാത്രമാണ് സംഘത്തിലുള്ളത്. അട്ടമലയിൽ നിന്ന് കുറച്ചു പേ൪ മാത്രമാണുള്ളത്.
മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവ൪ക്ക് എത്രയും വേഗം പുനരധിവാസം നൽകാ൯ സ൪ക്കാരിന് കഴിയട്ടെ എന്നു മാത്രമണ് ഇവരുടെ പ്രാ൪ഥനയും പ്രത്യാശയും. കുട്ടികളും മുതി൪ന്നവരുടമക്കം സംഘത്തിൽ 48 പേരാണുള്ളത്. ഇതിൽ അഞ്ച് മാളികപ്പുറങ്ങളും അഞ്ച് കുട്ടികളും 38 പുരുഷന്മാരുമാണുള്ളത്.