മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ: ടി.പി. രാമകൃഷ്ണൻ
Tuesday, October 22, 2024 2:13 AM IST
തിരുവനന്തപുരം: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയും യുഡിഎഫും തമ്മിലാണു മത്സരമെന്നു മുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ.
തെരഞ്ഞെടുപ്പിൽ വലിയ വിജയ പ്രതീക്ഷയാണു എൽഡിഎഫിനുള്ളത്. സർക്കാരിന്റെ വിലയിരുത്തലാകില്ല തെരഞ്ഞെടുപ്പ് ഫലം. എന്നാൽ ജനങ്ങൾ സർക്കാരിന്റെ പ്രവർത്തനവും വിലയിരുത്തും. വയനാട്ടിലും പാലക്കാടും ചേലക്കരയിലും മുഖ്യമന്ത്രി പ്രചാരണയോഗങ്ങളിൽ പങ്കെടുക്കുമെന്നും മുന്നണി യോഗത്തിനു ശേഷം ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
വയനാടു ദുരന്തത്തിൽ കേന്ദ്രം ഇതുവരെ ഒരുതരത്തിലും സഹായിച്ചിട്ടില്ല. പുനരധിവാസ പ്രവർത്തനങ്ങളിലാണു സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേന്ദ്ര സഹായം ലഭിക്കുമെന്നുതന്നെയാണു കേരള സർക്കാരിന്റെ പ്രതീക്ഷ. ഇക്കാര്യത്തിൽ കേന്ദ്രം സമീപനം തിരുത്തിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഇടതുമുന്നണി ആരംഭിക്കുമെന്നും ടിപി വ്യക്തമാക്കി.