കൊച്ചി വിമാനത്താവളത്തിൽ ബോംബ് ഭീഷണി
Tuesday, October 22, 2024 2:46 AM IST
നെടുമ്പാശേരി: മനുഷ്യബോംബെന്നു പറഞ്ഞ് ഭീഷണി മുഴക്കിയ വിമാനയാത്രക്കാരൻ പിടിയിൽ. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽനിന്നു മുംബൈയിലേക്കു പോകാനെത്തിയ മഹാരാഷ്ട്ര സ്വദേശി വിജയ് മന്ദായനാണു പിടിയിലായത്.
ഇന്നലെ ഉച്ചകഴിഞ്ഞു 3.50ന് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ യാത്രക്കാരനായിരുന്ന പ്രതി സുരക്ഷാ പരിശോധനയ്ക്കിടെയാണു ഭീഷണി മുഴക്കിയത്. ഇതേത്തുടർന്ന് മുംബൈയ്ക്കുള്ള വിസ്താര വിമാനം അര മണിക്കൂറിലേറെ വൈകി.
സിഐഎസ്എഫ് ഇയാളെ ബലം പ്രയോഗിച്ച് വിശദമായ പരിശോധനയ്ക്കു വിധേയനാക്കിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പിന്നീട് ഇയാളെ നെടുമ്പാശേരി പോലീസിനു കൈമാറി. വിമാനത്താവളത്തിൽ ബിടിഎസി (ബോംബ് ത്രെറ്റ് അസസ്മെന്റ് കമ്മിറ്റി) അടിയന്തര യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തുകയും ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിക്കുകയും ചെയ്തു.
വിശദമായ പരിശോധനകൾ പൂർത്തിയാക്കി അരമണിക്കൂർ വൈകി 4.19നാണ് വിമാനം പുറപ്പെട്ടത്.