കണ്ണൂരിൽ പ്രതിഷേധം കെട്ടടങ്ങുന്നില്ല
Tuesday, October 22, 2024 2:13 AM IST
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ കെട്ടടങ്ങുന്നില്ല. നവീന്‍ ബാബു ജീവനൊടുക്കാൻ കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ പ്രതിഷേധത്തില്‍നിന്നു പിന്നോട്ടില്ലെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്.
ഇന്നലെ കോണ്‍ഗ്രസ്, ബിജെപി, യൂത്ത് ലീഗ് പ്രവര്‍ത്തകർ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആറു ദിവസം പിന്നിട്ടിട്ടും എഡിഎമ്മിന്റെ മരണത്തിനു കാരണക്കാരിയായ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യാനോ ചോദ്യം ചെയ്യാനോ പോലീസിനു സാധിക്കാത്തതെന്താണെന്നാണു പ്രതിപക്ഷ സംഘടനകൾ ചോദിക്കുന്നത്.
നവീന്‍ ബാബുവിനെതിരേ പരാതി ഉന്നയിച്ച ടി.വി. പ്രശാന്തനെ മെഡിക്കൽ കോളജിലെ ജോലിയില്‍നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പരിയാരം മെഡിക്കൽ കോളജിലേക്കു കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
ബിജെപി മാർച്ചിൽ സംഘർഷം കണ്ണൂർ: നവീൻ ബാബുന്റെ മരണത്തിൽ ആരോപണവിധേയായ പി.പി. ദിവ്യയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.