പെട്രോള്‍ പമ്പുകള്‍ക്ക് എന്‍ഒസി നല്കുന്നതില് ചട്ടലംഘനവും അഴിമതിയുമെന്ന്
Wednesday, October 23, 2024 1:11 AM IST
കോട്ടയം: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പെട്രോള്പമ്പുകള്ക്കു നല്കിയ എന്‍ഒസി രേഖകള്‍ പരിശോധിക്കണമെന്നും വിഷയത്തില്‍ ജുഡീഷല്‍ അന്വേഷണം വേണമെന്നും ഓള് കേരള ഫെഡറേഷന് ഓഫ് പെട്രോളിയം ട്രേഡേഴ്സ്. പുതുതായി പെട്രോള്‍പമ്പുകള്‍ക്ക് എന്‍ഒസി നല്കുന്നതില് കടുത്ത ചട്ടലംഘനങ്ങളും അഴിമതിയുമാണ് നടക്കുന്നത്.
കേരളത്തില്‍ മൂവായിരത്തിലധികം പമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്‍ഒസിക്കായി ഒമ്പത് വകുപ്പുകളില്‍നിന്ന് അനുമതിയും പരിശോധനയും നടത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്ന കൈക്കൂലി നല്കിയാല് മാത്രമേ രേഖകള്‍ എഡിഎമ്മിന്റെ മുന്നിലെത്തൂ എന്നും ഭാരവാഹികള്‍ ആരോപിച്ചു.
പത്രസമ്മേളനത്തില്‍ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന് പ്രസിഡന്റ് ടോമി തോമസ്, സംസ്ഥാന സെക്രട്ടറി സുനില്‍ ഏബ്രഹാം, ജനറല്‍ സെക്രട്ടറി വൈ. അഷ്റഫ്, വൈസ് പ്രസിഡന്റ് മൈതാനം വിജയന്, ജില്ലാ പ്രസിഡന്റ് പി.സി. മാത്യു, ജൂബി അലക്സ് എന്നിവര്‍ പങ്കെടുത്തു.