പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യം: 24ന് വാദം
Tuesday, October 22, 2024 2:13 AM IST
തലശേരി: കണ്ണൂര് എഡിഎം നവീന് ബാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രതിചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ പി.പി. ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുമ്പാകെ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി ഫയലിൽ സ്വീകരിച്ചു.
മുൻകൂർ ജാമ്യഹർജിയിലുള്ള വാദം 24നു കേൾക്കും. ജഡ്ജി നിസാർ അഹമ്മദ് മുമ്പാകെ അഭിഭാഷകന് കെ. വിശ്വന് മുഖേനയായിരുന്നു പി.പി. ദിവ്യ കഴിഞ്ഞ വെള്ളിയാഴ്ച മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചത്.
ഇതിനിടെ, എഡിഎം നവീൻ ബാബുവിന്റെ ഭാര്യ പത്തനംതിട്ട താഴം കരുവള്ളിൽ വീട്ടിൽ മഞ്ജുഷ കേസിൽ കക്ഷിചേർന്നു. അഡ്വ. പി.എം. സജിതയാണു മഞ്ജുഷയ്ക്കുവേണ്ടി കോടതിയിൽ ഹാജരായത്.
പി.പി. ദിവ്യക്കും മഞ്ജുഷയ്ക്കും വേണ്ടി കോടതിയിൽ ഹാജരാകുന്നത് സിപിഎം അനുഭാവികളായ അഭിഭാഷകരാണെന്ന സവിശേഷതയും ഈ കേസിനുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ഉൾപ്പെടെ പ്രതികൾക്ക് ഹാജരായതു ദിവ്യയുടെ അഭിഭാഷകനായ അഡ്വ. കെ. വിശ്വനായിരുന്നു.