എസ്. മഹാദേവൻ തന്പിയുടെ നോവൽ ടർക്കിഷ് ഭാഷയിലേക്ക് വിവർത്തനം ചെയ്യാൻ ഗ്രാന്റ്
Wednesday, October 23, 2024 11:51 PM IST
തിരുവനന്തപുരം: ഒരു മലയാളനോവൽ പ്രത്യേക ഗ്രാന്റ് നൽകി ടർക്കിഷ് ഭാഷയിലേക്കു മൊഴിമാറ്റി പ്രസിദ്ധീകരിക്കുന്നു. എസ്.മഹാദേവൻ തന്പിയുടെ ’അലകളില്ലാത്ത കടൽ’ എന്ന നോവലിനാണ് ഈ അപൂർവാവസരം കൈവന്നിരിക്കുന്നത്.
തമിഴിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റിയിട്ടുള്ള നോവലിന്റെ ഇംഗ്ലീഷ് വിവർത്തനമായ ’പേർജ്’ ആണ് ടർക്കിഷിലേക്ക് ഭാഷാന്തരം ചെയ്യപ്പെടുന്നത്. പത്രപ്രവർത്തകനും വിവർത്തകനും കഥാകാരനുമായ പി.മുരളീധരൻ ആണ് ‘അലകളില്ലാത്ത കടൽ’, ‘പേർജ് ’എന്ന പേരിൽ ഇംഗ്ലീഷിലേക്കു മൊഴിമാറ്റിയത്.
ഷാർജാ പുസ്തകോത്സവത്തിൽ നിന്ന് തെരഞ്ഞെടുത്ത ഈ കൃതിക്ക് ടർക്കിഷ് ഭാഷയിലേക്കുള്ള വിവർത്തനത്തിനും പ്രസാധനത്തിനും എസ്ഐബിഎഫ് പ്രത്യേക ഗ്രാന്റ് അനുവദിച്ചുകൊണ്ടുള്ള അറിയിപ്പും ഉത്തരവും നൽകിയിട്ടുണ്ട്. അക്കിഫ്പാമുക്കിനാണ് പ്രസാധന ചുമതല.