മൂന്ന് തസ്തികകളിലേക്ക് പിഎസ്സിയുടെ ഒറ്റ പരീക്ഷ: ഉദ്യോഗാർഥികൾ ആശങ്കയിൽ
Thursday, October 24, 2024 2:09 AM IST
ഇരിട്ടി: ജെഎൽടി ഹിന്ദി, ഫുൾടൈം, പാർട്ട് ടൈം അധ്യാപക തസ്തികകളിലേക്ക് ഒറ്റ പരീക്ഷയിലൂടെ നിയമനം നടത്താനുള്ള പിഎസ്സിയുടെ തീരുമാനം ഉദ്യോഗാർഥികളെ ആശങ്കയിലാക്കുന്നു. മൂന്നു വിഭാഗങ്ങളിലേക്കുമുള്ള നിയമനത്തിനായി ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനായിരുന്നു പിഎസ്സി പരീക്ഷ നടത്തിയത്.
പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർ മൂന്ന് ലിസ്റ്റുകളിലെയും ആദ്യ റാങ്കുകളിൽ ഇടം പിടിക്കും. ഇത് മറ്റുള്ളവരുടെ അവസരം നഷ്ടപ്പെടുമെന്നാണ് ഉദ്യോഗാർഥികളെ പറയുന്നത്.
മുൻ വർഷങ്ങളിൽ സമാന സാഹചര്യം ഉണ്ടായതിനെത്തുടർന്നു പല ജില്ലകളിലും ലിസ്റ്റ് ചുരുക്കി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്. ഇക്കാരണത്താൽ പലർക്കും അവസരം നഷ്ടപ്പെടുകയും ചെയ്തു.
റാങ്ക് ലിസ്റ്റിലെ ഇരട്ടിപ്പ് കാരണം പലർക്കും അവസരം നഷ്ടപെടുകയാണെന്നും പിഎസ്സി പരിഹാരത്തിനായി നടപടികൾ സ്വീകരിക്കണമെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.