സംസ്ഥാന ജീവനക്കാർക്ക് ഒരു ഗഡു ഡിഎ അനുവദിച്ചു
Thursday, October 24, 2024 3:11 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഒരു ഗഡു ക്ഷാമബത്ത അനുവദിച്ചു. പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും ഒരു ഗഡു അനുവദിച്ചതായി മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
ഇതുവഴി ഡിഎ, ഡിആറിൽ മൂന്നു ശതമാനം വർധന ലഭിക്കും. അനുവദിച്ച ഡിഎ, ഡിആർ അടുത്ത മാസത്തെ ശന്പളത്തിനും പെൻഷനുമൊപ്പം കിട്ടിത്തുടങ്ങും. നിലവിൽ സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ആറ് ഗഡു ഡിഎ കുടിശികയാണ്.
യുജിസി, എഐസിടിഇ, മെഡിക്കൽ സർവീസ് ഉൾപ്പെടെ എല്ലാ മേഖലയിലും ഡിഎ, ഡിആർ വർധനയുടെ ആനുകൂല്യം ലഭിക്കും. ഇതുവഴി സർക്കാരിന്റെ വാർഷികച്ചെലവിൽ 2000 കോടി രൂപയുടെ വർധനയുണ്ടാകും.
ഒരു ഗഡു ഡിഎ, ഡിആർ ഈവർഷം ഏപ്രിലിൽ അനുവദിച്ചിരുന്നു. പ്രതിവർഷം രണ്ടു ഗഡു ഡിഎ, ഡിആർ ജീവനക്കാർക്കും പെൻഷൻകാർക്കും അനുവദിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.