മോന്സന് മാവുങ്കല്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി
Thursday, October 24, 2024 2:09 AM IST
കൊച്ചി: പോക്സോ കേസിലെ ഇരയെ പ്രായപൂര്‍ത്തിയായശേഷവും പീഡിപ്പിച്ചെന്ന കേസില്‍ പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോന്സന് മാവുങ്കല്‍ വിചാരണ നേരിടണമെന്നു ഹൈക്കോടതി.
ഇതേ പെണ്‍കുട്ടിയെ 2019ല്‍ പീഡിപ്പിച്ചതിന് പോക്സോ നിയമപ്രകാരം മോന്‍സനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. ഇതിനു പുറമെയാണു 2020-21 കാലഘട്ടത്തില്‍ കുട്ടി പ്രായപൂര്‍ത്തിയായ ശേഷം പീഡിപ്പിച്ചെന്ന മറ്റൊരു കേസ് വന്നത്.
എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടു മോന്സന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരേ കുറ്റത്തിന് രണ്ടുവട്ടം വിചാരണ ചെയ്യുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
എന്നാല്‍, 12 മാസത്തിനകം വരുന്ന സമാനമായ കേസുകളിലാണ് ഒരുമിച്ചുള്ള വിചാരണ വ്യവസ്ഥ ചെയ്യുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. 2019ല്‍ നടന്ന ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടാണു മോന്‍സന്റെ ആദ്യവിചാരണ നടന്നത്.
2020-21 വര്‍ഷങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങള്‍ ഇതിനൊപ്പം ചേര്‍ക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി.