പോലീസിന്റേത് മെല്ലെപ്പോക്ക് നയം; ആരോപണവുമായി നവീന്റെ കുടംബം
Wednesday, October 23, 2024 2:16 AM IST
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കാര്യത്തിൽ പോലീസ് മെല്ലപ്പോക്ക് നയമാണു സ്വീകരിക്കുന്നതെന്ന് ആക്ഷേപം. നവീൻ ബാബുവിന്റെ മരണം നടന്ന് ഒരാഴ്ചയ്ക്കു ശേഷം ആവശ്യപ്പെട്ടപ്പോൾ മാത്രമാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകിയതെന്ന് ബന്ധുക്കൾ ആരോപിച്ചു.
യാത്രയയപ്പ് യോഗത്തിനു ശേഷം നാട്ടിലേക്കു പോകാനായി റെയിൽവേ സ്റ്റേഷനിലേക്കെന്ന് പറഞ്ഞ് ഔദ്യോഗിക വാഹനത്തിൽ യാത്ര തിരിച്ച നവീൻ ബാബു റെയിൽവേ സ്റ്റേഷനു സമീപത്തെ മുനീശ്വർ കോവിലിൽ ഇറങ്ങിയ ശേഷം എങ്ങോട്ടാണു പോയതെന്നു കണ്ടെത്താനും ഇതുവരെ കഴിയാത്തതു പോലീസിന്റെ താത്പര്യമില്ലായ്മയാണെന്നു ബന്ധുക്കൾ ആരോപിക്കുന്നുണ്ട്.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയെ കണ്ടെത്താൻ കഴിയാത്തതിനു കാരണം പോലീസുമായുള്ള ഒത്തുകളിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.