സംഗീതനിശയ്ക്കിടെ കവര്‍ച്ച; രണ്ടു പ്രതികള്‍ റിമാന്‍ഡില്‍
Tuesday, October 22, 2024 2:13 AM IST
കൊച്ചി: അലന് വോക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ഡല്‍ഹി സംഘത്തിലെ രണ്ടുപേര്‍ റിമാന്‍ഡില്‍. ആതിഖ് ഉര് റഹ്മാന് (38), വാസിം അഹമ്മദ് (31) എന്നിവരെയാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷണസംഘം ഇന്ന് അപേക്ഷ നല്‍കും.
ഓള്‍ഡ് ഡല്‍ഹിയിലെ ദരിയാഗഞ്ജ് പ്രദേശത്തുനിന്ന് അതിസാഹിസകമായിട്ടാണു ഇരു പ്രതികളെയും പിടികൂടിയത്. ഇവരുടെ സംഘത്തിലെ രണ്ടുപേരെക്കൂടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടിയിലാകുമെന്നും അന്വേഷണസംഘം അറിയിച്ചു.
മുംബൈയില്‍നിന്നു പിടിയിലായ സണ്ണി ഭോല യാദവ് (28), ശ്യാം ബെന്വാള് (32) എന്നിവരെ നാളെ കൊച്ചിയിലെത്തിക്കും. ഡല്‍ഹി, മുംബൈ സംഘത്തിലെ പ്രതികള്‍ പരസ്പരം ബന്ധമുള്ളവരല്ല. മിക്ക സംഗീതപരിപാടികളിലും ഈ രണ്ടു സംഘവും മോഷണം നടത്താറുണ്ട്.
കൊച്ചിയിലെ സംഗീത പരിപാടിക്കിടെ 39 മൊബൈലുകളാണു മോഷണം പോയത്. അറസ്റ്റിലായ പ്രതികളില്‍നിന്ന് 23 മൊബൈലുകള്‍ പോലീസ് കണ്ടെടുത്തു.
ചോദ്യം ചെയ്യലില്‍ മറ്റു ഫോണുകളെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും തങ്ങളെപ്പോലുള്ള കവര്‍ച്ചാസംഘങ്ങള്‍ ഉണ്ടെന്നുമാണ് പ്രതികളുടെ മൊഴി.