എഡിഎമ്മിന്റെ മരണം: പ്രശാന്തന്റെ മൊഴിയെടുത്തു
Tuesday, October 22, 2024 2:46 AM IST
കണ്ണൂർ: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജ് ജീവനക്കാരൻ പ്രശാന്തന്റെ മൊഴിയെടുത്ത് കണ്ണൂർ ടൗൺ പോലീസ്.
ഇന്നലെ ഉച്ചകഴിഞ്ഞ് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ എസ്എച്ച്ഒ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രശാന്തന്റെ മൊഴിയെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ വ്യക്തത വരുത്തുന്നതിനാണ് മൊഴിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. കടുത്ത സമ്മർദം കാരണം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താൻ പോലീസും തയാറാകുന്നില്ല.
ഇന്നലെ ഉച്ചകഴിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ പ്രശാന്തൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ ഒരുവിധം അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. വ്യക്തമായ നിയമോപദേശത്തിന് ശേഷമായിരിക്കാം പ്രശാന്തൻ പോലീസിന് മൊഴി നല്കാൻ എത്തിയതെന്ന ആരോപണവും ശക്തമാണ്.