പ്രശാന്തനെ പിരിച്ചുവിടാൻ നിയമോപദേശം തേടി: മന്ത്രി
Tuesday, October 22, 2024 2:46 AM IST
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരേ കൈക്കൂലി ആരോപണം ഉന്നയിച്ച പരിയാരം മെഡിക്കൽ കോളജിലെ ഇലക്ട്രീഷൻ ടി.വി. പ്രശാന്തനെതിരേ ആരോഗ്യവകുപ്പ് അന്വേഷണം നടത്തുമെന്നും ഇയാളെ പിരിച്ചുവിടാൻ ആലോചിക്കുന്നതായും ആരോഗ്യമന്ത്രി വീണ ജോർജ്.
പ്രശാന്തനെ പിരിച്ചുവിടുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിട്ടുണ്ട്. ഇയാൾ സർവീസിൽ തുടരാൻ പാടില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.
പ്രശാന്തൻ സർവീസിലിരിക്കേ പെട്രോൾ പന്പിനായി അപേക്ഷ സമർപ്പിച്ചത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും അന്വേഷണം നടത്തും.
പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുത്തപ്പോൾ ഉണ്ടായിരുന്ന ജീവനക്കാരനാണ് പ്രശാന്തൻ. ഇയാളെ സ്ഥിരപ്പെടുത്തേണ്ടെന്നാണ് സർക്കാർ തീരുമാനം.
പ്രശാന്തനെതിരേ നടപടി ഉണ്ടാകുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. എഡിഎം നവീൻ ബാബു തനിക്ക് അറിയാവുന്ന ഉദ്യോഗസ്ഥനാണ്.
പ്രളയകാലത്തും കോവിഡ് കാലത്തും തന്റെ ഒപ്പം പ്രവർത്തിച്ച ആളാണ്. വിദ്യാർഥി ജീവിതകാലം മുതൽ അറിയുന്ന വ്യക്തിയാണെന്നും മന്ത്രി പറഞ്ഞു.