കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് സമാപിച്ചു
Tuesday, October 22, 2024 2:13 AM IST
കൊച്ചി: മാറിയ സാമൂഹ്യ സാഹചര്യങ്ങളില്‍ പരിശീലനം നേടിയ പ്രഫഷണല്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ ശക്തീകരണ മേഖലയില്‍ വലിയ പങ്കുണ്ടെന്ന് മന്ത്രി പി. രാജീവ്.
കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ് (കാപ്സ്) തൃക്കാക്കര ഭാരത് മാതാ കോളജില്‍ സംഘടിപ്പിച്ച ഒമ്പതാമത് കേരള സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ക്യാപ്സ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. എം.പി. ആന്റണി, സെക്രട്ടറി പ്രഫ. സേവ്യര്‍കുട്ടി ഫ്രാന്‍സിസ്, ലിഡ ജേക്കബ്, സംസ്ഥാന പ്രൊഡക്ടിവിറ്റി കൗണ്‍സില്‍ ചെയര്മാന് ഡോ. ജോര്‍ജ് സ്ലീബ, ഭാരത് മാതാ കോളജ് സോഷ്യല്‍ വര്‍ക്ക് വിഭാഗം മേധാവി ഡോ. എല്‍സാ മേരി ജേക്കബ്, സിബി ജോസഫ്, ഡോ. കെ. ആര്. അനീഷ്, ഡോ. ഷീന രാജന് ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു.
കേരളത്തിനകത്തും പുറത്തുമുള്ള സോഷ്യല്‍ വര്‍ക്ക് പ്രാക്ടീഷണര്‍മാരും വിദ്യാര്‍ഥി പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുത്തു. സംസ്ഥാന സോഷ്യല്‍ വര്‍ക്ക് കൗണ്‍സില്‍ രൂപീകരിക്കണമെന്ന് സോഷ്യല്‍ വര്‍ക്ക് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമ്മേളനത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് വിവിധ സെഷനുകള്‍ നടന്നു.
ഫാ. ജോസ് അലക്സിന് ഗുരുശ്രേഷ്ഠ പുരസ്കാരം കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സിന്റെ (കാപ്സ്) പ്രഥമ സംസ്ഥാന സോഷ്യല്‍ വര്‍ക്ക് അവാര്‍ഡിന് ആറു പേര് അര്‍ഹരായി. സോഷ്യല്‍ വര്‍ക്ക് അധ്യാപന മേഖലയിലെ നിര്‍ണായക ഇടപെടലുകള്‍ക്കുള്ള ഗുരുശ്രേഷ്ഠ പുരസ്കാരം രാജഗിരി സോഷ്യല്‍ സയന്‍സ് കോളജിനെയും മറ്റു വിദ്യാഭ്യാസസ്ഥാപനങ്ങളെയും നയിച്ച സിഎംഐ സന്യാസ സമൂഹാംഗം ഫാ. ജോസ് അലക്സ് ഏറ്റുവാങ്ങി.
റെനി ജേക്കബ്, അഡ്വ. ഒ.പി. ഏബ്രഹാം (കര്‍മശ്രേഷ്ഠ), ഡോ. ജോബി ബാബു , വൃന്ദാ ദാസ്, ശ്രീരാഗ് കുറുവാട്ട് (യുവശ്രേഷ്ഠ) എന്നിവരാണ് മറ്റു പുരസ്കാര ജേതാക്കള്‍. പുരസ്കാരജേതാക്കൾക്ക് 10000 രൂപ കാഷ് അവാര്‍ഡും ഫലകങ്ങളും മന്ത്രി പി. രാജീവ് വിതരണം ചെയ്തു.