സുധാകരനും സതീശനും ഇടപെട്ടു, പാലക്കാട്ടെ കോണ്‍ഗ്രസിലെ പ്രശ്നങ്ങൾക്കു പരിഹാരം
Tuesday, October 22, 2024 2:46 AM IST
പാലക്കാട്: ഉപതെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ കോണ്‍ഗ്രസിലും യൂത്ത്കോണ്‍ഗ്രസിലും ഉണ്ടായ പൊട്ടിത്തെറിക്കു പരിഹാരമായി. കെപിസിസിയും ഡിസിസി നേതൃത്വവും സംയുക്തമായി നടത്തിയ ചർച്ചകളിലാണു പ്രശ്നം തണുത്തത്.
കഴിഞ്ഞദിവസം ഷാഫി പറന്പിലിനെതിരേ രൂക്ഷമായ വിമർശവുമായി രംഗത്തുവന്ന ഡിസിസി സെക്രട്ടറി ഷിഹാബുദ്ദീനുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരനും വി.ഡി. സതീശനും ചർച്ച നടത്തി.
പാർട്ടിയിൽ ഇനി എല്ലാവർക്കും തുല്യപരിഗണനയുണ്ടാകുമെന്നും പ്രവർത്തകരെയും നേതാക്കളെയും നിയന്ത്രിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇരുവരും ഡിസിസി സെക്രട്ടറിയെ അറിയിച്ചു.
തെരഞ്ഞടുപ്പു വേളയിൽ എല്ലാ പ്രവർത്തകരും നേതാക്കളും അഭിപ്രായവ്യത്യാസം മറന്ന് പാർട്ടിക്കുപിന്നിൽ അണിനിരക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വടകര എംപിയായ സാഹചര്യത്തിൽ, പാലക്കാട് സ്വന്തം നിലയ്ക്കുള്ള പ്രചാരണം ഷാഫി പറന്പിൽ അവസാനിപ്പിക്കണമെന്നു കെപിസിസി നേതൃത്വം ആവശ്യപ്പെട്ടു. ഇനിയുള്ള പ്രചാരണം കൂടിയാലോചിച്ചശേഷംമാത്രം മതിയെന്നും കെപിസിസി നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്.