മുഖ്യമന്ത്രിയെ വീട്ടിൽ പോയി കണ്ടതിൽ അസ്വാഭാവികതയില്ല: കണ്ണൂർ ജില്ലാ കളക്ടർ
Tuesday, October 22, 2024 2:14 AM IST
കണ്ണൂർ: മുഖ്യമന്ത്രിയെ കഴിഞ്ഞ ദിവസം വീട്ടിൽ സന്ദർശിച്ചതിൽ അസ്വാഭാവികതയില്ലെന്നും ജില്ലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന്റെ ഭാഗമായാണു സന്ദർശിച്ചതെന്നും കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ.
മുഖ്യമന്ത്രിയോട് എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളും സംസാരിച്ചു. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പോലീസ് അന്വേഷണ സംഘത്തോടു സത്യം സത്യമായിത്തന്നെ പറയുമെന്നും അരുൺ കെ. വിജയൻ പറഞ്ഞു.
എഡിഎമ്മിന്റെ മരണത്തിൽ പ്രതിചേർക്കപ്പെട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ തന്റെ മുൻകൂർ ജാമ്യ ഹർജിയിൽ യാത്രയയപ്പ് യോഗത്തിൽ താൻ കളക്ടർ വിളിച്ചിട്ടാണു പങ്കെടുത്തതെന്നു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും കഴിഞ്ഞ ദിവസം കളക്ടർ ഇതു നിഷേധിച്ചിരുന്നു. ഇക്കാര്യം കളക്ടർ വകുപ്പുതല അന്വേഷണം നടത്തിയ ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ എ. ഗീതയ്ക്കു മൊഴിയായി നൽകുകയും ചെയ്തിരുന്നു.
പോലീസിനു മൊഴി നൽകുന്പോഴും സത്യം സത്യമായി പറയുമെന്നാണു കളക്ടർ ആവർത്തിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മറ്റു ചില ചോദ്യങ്ങളോട്, കോടതിയുടെ പരിഗണനയിലായതിനാൽ പ്രതികരിക്കുന്നില്ലെന്നായിരുന്നു മറുപടി.