അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം: മാര്‍ ആലഞ്ചേരി
Tuesday, December 24, 2024 2:39 AM IST
കൊച്ചി: വിശ്വസാഹോദര്യത്തിന്റെ ചിന്ത വളര്‍ത്താന്‍ ക്രിസ്മസ് ആഘോങ്ങളിലൂടെ നമുക്ക് സാധിക്കണമെന്നു കർദിനാൾ മാർ ജോർജ് ആലഞ്ചേരി .
സംഘര്‍ഷഭരിതമായ ഒരു ലോകത്തിലാണ് നാം ജീവിക്കുന്നത്. വ്യക്തികള്‍ തമ്മിലും കുടുംബങ്ങളിലും സഭയിലും സമൂഹത്തിലും രാജ്യങ്ങള്‍ തമ്മിലും സംഘര്‍ഷവും യുദ്ധവും അരങ്ങേറുന്നു. അതുപോലെതന്നെ, സംഘര്‍ഷപൂരിതമായ അന്തരീക്ഷത്തിലായിരുന്നു ക്രിസ്തുവിന്റെ ജനനവും. എല്ലാ വാതിലുകളും അവര്‍ക്കെതിരേ കൊട്ടിയടയ്ക്കപ്പെട്ടപ്പോള്‍ ദൈവപരിപാലനയില്‍ കാലിത്തൊഴുത്തിലാണ് മനുഷ്യവംശത്തിനു രക്ഷകനായി ക്രിസ്തു ജനിച്ചത്.
ആ കാലിത്തൊഴുത്തില്‍ പ്രപഞ്ചത്തിന്റെ ഒരു പ്രതീകം കാണാന്‍ കഴിയും. അവിടെയൊരു കുടുംബമുണ്ട്, മൃഗങ്ങളുണ്ട്, പ്രകൃതിയുടെ പശ്ചാത്തലമുണ്ട്. നമുക്കായി ഒരുക്കിയ പ്രപഞ്ചത്തെ പരിപാലിക്കുകയും സ്നേഹിക്കുകയും വേണം.
ലോകം മുഴുവന്‍ ഒരു കുടുംബമായി കാണുകയെന്ന വസുധൈവ കുടുംബകം എന്ന ആര്‍ഷഭാരത സംസ്കാരത്തിലടിയുറച്ച് ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കാനും ആവശ്യക്കാരിലേക്ക് നമ്മുടെ സ്നേഹത്തെ വ്യാപിപ്പിക്കാനും പരിശ്രമിക്കണം.
വിദ്വേഷവും കലഹവുമുള്ളിടത്ത് സ്നേഹത്തിന്റെ സന്ദേശമെത്തിക്കാന്‍ നമുക്ക് കഴിയട്ടെ. അനുരഞ്ജനമാണ് ക്രിസ്മസിന്റെ സന്ദേശം. സമാധാനമാണ് അനുരഞ്ജനത്തിലേക്കു നയിക്കുന്നതെന്നും മാർ ആലഞ്ചേരി ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞു.