വനം മന്ത്രിക്കു നേരം വെളുത്തിട്ടില്ല: മാര്‍ ഇഞ്ചനാനിയില്‍
Tuesday, December 24, 2024 2:39 AM IST
താമരശേരി: വനം നിയമത്തെക്കുറിച്ചുള്ള വനം മന്ത്രി എ.കെ. ശശീന്ദ്രനന്റെ പ്രസ്താവന അദ്ദേഹത്തിനു നേരം വെളുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണെന്നു താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മതമേലധ്യക്ഷന്മാര് പക്വതയോടെ പെരുമാറണമെന്ന മന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു ബിഷപ്.
വനത്തില്‍ കയറിയാല്‍ ഉദ്യോഗസ്ഥര്‍ക്കു കര്‍ഷകരെ അറസ്റ്റ് ചെയ്യാമെന്നുള്ളത് അടിയന്തരാവസ്ഥക്കാലത്തേക്കുള്ള തിരിച്ചുപോക്കാണ്. ഇത് അംഗീകരിക്കാനാകില്ല. അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ വിജ്ഞാപനം പിന്‍വലിച്ച് ജനങ്ങള്‍ക്ക് അനുകൂലമായ നിയമം കൊണ്ടുവരണം.
മറ്റൊരു കുടിയിറക്ക് പ്രതീക്ഷിച്ച് ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്കുന്നവര് മൂഢ സ്വര്‍ഗത്തിലാണ്. കര്‍ഷകരെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല.
കര്‍ഷകര്‍ക്കു ജീവിക്കാന്‍ അവകാശമുണ്ട്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണുന്ന സര്‍ക്കാര്‍ ഉണ്ടെങ്കിലേ ഇതിനെല്ലാം പരിഹാരമാവുകയുള്ളുവെന്നും ബിഷപ് പറഞ്ഞു.