ജീവനക്കാരുടെ 65,000 കോടി രൂപ സർക്കാർ അപഹരിച്ചു: വി.ഡി. സതീശൻ
Tuesday, December 24, 2024 2:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാരില്ലെന്നുള്ളതാണ് കേരളം നേരിടുന്ന പ്രതിസന്ധിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. സ്റ്റേറ്റ് എംപ്ലോയീസ് ടീച്ചേഴ്സ് ഓർഗനൈസേഷന്റെ (സെറ്റോ) ആഭിമുഖ്യത്തിൽ നടന്ന സമര പ്രഖ്യാപന കണ്വൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അതിരൂക്ഷമായ വിലക്കയറ്റമാണ് സംസ്ഥാനത്തുള്ളത്. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമാണ്. 19 ശതമാനം ക്ഷാമബത്ത കുടിശികയാണ്. അഞ്ചുവർഷം കഴിഞ്ഞിട്ടും ശന്പള പരിഷ്കരണ കമ്മീഷനെ നിയമിച്ചിട്ടില്ല. അഞ്ചുവർഷമായി ലീവ് സറണ്ടർ പിടിച്ചു വച്ചിരിക്കുന്നു. ഉന്നത വിദ്യാഭ്യാസമേഖല തകർത്തെറിഞ്ഞു.
പൊതുവിദ്യാഭ്യാസ മേഖല അനുദിനം ദുർബലപ്പെട്ടു വരുന്നു. ചോദ്യപേപ്പർ ചോർന്നതു ലാഘവ ബുദ്ധിയോടെയാണ് സർക്കാർ നോക്കിക്കാണുന്നത്. ശന്പളക്കൊള്ളയിലൂടെ സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും 65,000 കോടി രൂപയാണു സർക്കാർ അപഹരിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
സെറ്റോ ചെയർമാൻ ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു. എം. ലിജു മുഖ്യപ്രഭാഷണം നടത്തി. ജി. സുബോധൻ, പി.കെ. അരവിന്ദൻ, കെ.സി. സുബ്രമണ്യൻ, എ.എം. ജാഫർ ഖാൻ, ആർ. അരുണ്‍ കുമാർ, അനിൽ എം. ജോർജ്, എം.എസ്. ഇർഷാദ്. എൻ. മഹേഷ്, കെ.എസ്. സന്തോഷ്, ആർ. അരുണ്‍ കുമാർ, എസ്. മനോജ്, കെ. വെങ്കിടമൂർത്തി, പി.കെ. സുഭാഷ് ചന്ദ്രൻ, കെ.ബി. രാജീവ്, ഹരികുമാർ, ഡോ. രാജേഷ്, ജോണ്‍ മനോഹർ, എം.എസ്. മോഹന ചന്ദ്രൻ, എസ്. പ്രദീപ് കുമാർ, ഷിബു ജോസഫ്, എസ്. അരുണ്‍, തോമസ് ഹെർബിറ്റ്, അനിൽ വട്ടപ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.