സംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സ് 27 മുതല്‍
Tuesday, December 24, 2024 2:39 AM IST
കോഴിക്കോട്: സംസ്ഥാന സ്പെഷല്‍ ഒളിമ്പിക്സ് 27 മുതല്‍ 29 വരെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒളിമ്പ്യന്‍ റഹ്മാന് ഗ്രൗണ്ടില്‍ നടക്കും. 27ന് വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന് സ്പെഷല്‍ ഒളിമ്പിക്സ് ഉദ്ഘാടനം ചെയ്യുമെന്ന് മേയര്‍ ഡോ. ബീനാ ഫിലിപ്പ്, സ്പെഷല്‍ ഒളിമ്പിക്സ് ഭാരത് - കേരള ഏരിയാ ഡയറക്ടര്‍ ഫാ. റോയ് കണ്ണൻചിറ, കേരള പ്രസിഡന്റ് ഡോ.എം.കെ ജയരാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പതിനാലു ജില്ലകളില്‍നിന്ന് അയ്യായിരത്തോളം അത്ലറ്റുകളാണ് മത്സരത്തിനെത്തുന്നത്. സംസ്ഥാനത്തെ 235 സ്പെഷല്‍ -ബഡ് -നോര്‍മല്‍ സ്കൂളുകളില്‍നിന്ന് 4468 പേര് ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.അവര്‍ക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പരിശീലകരും വോളണ്ടിയര്‍മാരും ഒഫീഷ്യലുകളും ഉള്‍പ്പടെ 7,000 പേര് പരിപാടിയില്‍ സംബന്ധിക്കും. ആദ്യ ദിനം രാവിലെ എട്ടരയ്ക്കും മറ്റു ദിവസങ്ങളില്‍ ഏഴിനും മത്സരങ്ങള്‍ ആരംഭിക്കും.
വൈകുന്നേരം ആറുവരെ നീണ്ടുനില്‍ക്കും. ഒളിമ്പ്യന്‍ റഹ്മാന് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്കിലും തൊട്ടടുത്തുള്ള ഗ്രൗണ്ടിലുമായി എട്ട് സ്ഥലങ്ങളിലായാണു മത്സരങ്ങള്‍ നടക്കുക. റണ്ണിംഗ് റേസ്, വാക്കിങ് റേസ്, വീല്‍ ചെയര്‍ റേസ്, ലോംഗ്ജമ്പ്, ഹൈജമ്പ്, ഷോട്ട്പുട്ട്, സോഫ്റ്റ് ബോള്‍ ത്രോ എന്നിങ്ങനെ 24 കായിക ഇനങ്ങളിലായി 495 മത്സരങ്ങള്‍ നടക്കും.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കു പുറമേ മത്സരിക്കുന്ന എല്ലാ അത്ലറ്റുകള്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നുണ്ടെന്ന പ്രത്യേകതയും കായിക മേളയ്ക്കുണ്ട്. സഹ മത്സരാര്‍ഥികളെ പിന്തള്ളി ഒന്നാമതാവണം എന്ന സാധാരണ കായിക മനോഭാവത്തില്‍നിന്നു വ്യത്യസ്തമായി ഒപ്പം മത്സരിക്കുന്നവരെയും ചേര്‍ത്ത് ഒന്നായി മുന്നേറണം എന്ന മഹത്തായ തത്വമാണ് സ്പെഷല്‍ ഒളിമ്പിക്സ് പിന്തുടരുന്നതെന്ന് ഫാ. റോയ് കണ്ണൻചിറ പറഞ്ഞു. ആരും തോല്ക്കുന്നില്ല. ആരെയും തോല്‍പ്പിക്കുന്നുമില്ല. എല്ലാവരും കഴിവിനനുസരിച്ച് വിവിധ മത്സരങ്ങളില്‍ ഭാഗഭാക്കാകും.
പ്രായമനുസരിച്ച് അഞ്ചു ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഹയര്‍ എബിലിറ്റി, ലോവര്‍ എബിലിറ്റി എന്നീ രണ്ടു കാറ്റഗറികളായാണ് മത്സരം. ബൗദ്ധികവും വളര്‍ച്ചാപരവുമായ പരിമിതികളുള്ള ഭിന്നശേഷിക്കാരുടെ കഴിവുകള്‍ കായിക രംഗത്തിലൂടെ പരിപോഷിപ്പിച്ചെടുക്കുക എന്നതാണ് സ്പെഷല്‍ ഒളിമ്പിക്സിന്റെ പ്രഥമ ലക്ഷ്യം.
അവരുടെ സവിശേഷതകള്‍ പരിഗണിച്ച് രൂപപ്പെടുത്തിയ കായികമത്സര നിയമാവലികളുടെ അടിസ്ഥാനത്തിലാണു സ്പെഷല്‍ ഒളിമ്പിക്സ് സംഘടിപ്പിച്ചിട്ടുള്ളത്. അവസാന ഒളിമ്പിക്സ് നടന്നത് 2018ല്‍ തിരുവനന്തപുരത്താണ്.
ദേശീയതല മത്സരത്തിലേക്കുള്ള കായിക താരങ്ങളെ ഇവിടെനിന്ന് തെരഞ്ഞെടുക്കുമെന്നവര്‍ പറഞ്ഞു. പ്രോഗ്രം മാനേജര്‍ സിസ്റ്റര്‍ റാണി ജോ, കമാല്‍ വരദൂര്‍, അഭിലാഷ് ശങ്കര്‍, കോര്പറേഷന് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി. ദിവാകരന് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.