ക്രിസ്മസ് ചേര്‍ത്തുപിടിക്കലിന്റെ ആഘോഷം: മാര്‍ റാഫേൽ തട്ടില്‍
Tuesday, December 24, 2024 2:39 AM IST
കൊച്ചി: ആരെയും മാറ്റിനിര്‍ത്താതെ പരസ്പരം കരങ്ങൾ കൊടുത്തും ചേര്‍ത്തുപിടിച്ചും ലോകത്തെ ഒരു കുടുംബമാക്കുന്ന തിരുനാളാകണം ക്രിസ്മസെന്നു സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. സംഘര്‍ഷങ്ങളിൽ ഔദാര്യത്തോടും സന്മനസോടും കൂടെ വിട്ടുകൊടുക്കാനുള്ള സന്ദേശമാണു ക്രിസ്മസ് നല്‍കുന്നതെന്നും അദ്ദേഹം സന്ദേശത്തിൽ ഓർമിപ്പിച്ചു.
സര്‍വലോകത്തിനും സന്തോഷദായകമായിട്ടുള്ള സദ്വാര്‍ത്തയാണ് ക്രിസ്മസ്. തന്റെ ഏകജാതനെ നല്കാന് തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചതിന്റെ അടയാളംകൂടിയാണിത്. സര്‍വലോകത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും പ്രത്യാശയുടെയും സദ്വാര്ത്തയാണു ക്രിസ്മസ് നല്‍കുന്നത്. പരസ്പരധാരണയും സഹകരണവും ക്രിസ്മസിൽ സജീവമായി കാണാന്‍ കഴിയും.
ഇടം കാണിക്കുന്നവരെയും കരുത്തു പകരുന്നവരെയും അവിടെ കാണാം. വാര്‍ധക്യത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കൾ, മക്കളെ വേണ്ടെന്നു വയ്ക്കുന്ന മാതാപിതാക്കള്‍ എന്നിവരെല്ലാം ഇന്ന് സമൂഹത്തില്‍ ഒറ്റപ്പെടുന്ന സ്ഥിതിയിലാണ്. ഇവിടെയാണു ക്രിസ്മസിന്റെ അര്‍ഥമെന്തെന്നു നാം ധ്യാനിക്കേണ്ടത്.
അശരണര്‍ക്ക് ഇടം കാണിച്ചുകൊടുക്കാന്‍ നമുക്ക് കഴിയുമ്പോള്‍ മാത്രമേ ക്രിസ്മസിന്റെ സന്തോഷവും സമാധാനവും കൈവരികയുള്ളൂ. മുറിച്ച് പങ്കിടുന്നയിടത്ത് ദൈവം പിറക്കുന്നതാണു ക്രിസ്മസെന്നും മാർ തട്ടിൽ പറഞ്ഞു.