സ്കൂളിലെ പുൽക്കൂട് അടിച്ചുതകർത്തു
Tuesday, December 24, 2024 2:40 AM IST
തത്തമംഗലം (പാലക്കാട്): ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി തത്തമംഗലം ഗവ. ബേസിക് അപ്പർ പ്രൈമറി സ്കൂളിൽ ഒരുക്കിയ പുൽക്കൂടും അലങ്കാരവിളക്കുകളും സാമൂഹ്യവിരുദ്ധർ അടിച്ചു നശിപ്പിച്ചു.
സ്കൂളിലെ പൂട്ടിയ ഇരുന്പുഗ്രിൽ തകർക്കാൻ ശ്രമിച്ചു പരാജയപ്പെട്ടതോടെ തെങ്ങിൻപട്ടയും കമ്പും ഉപയോഗിച്ച് പുൽക്കൂട് തകർക്കുകയായിരുന്നു.
വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി മുറിയിൽ വിപുലമായ രീതിയിൽ പുൽക്കൂട് ഒരുക്കിയിരുന്നു. ഇരുന്പു ഗ്രില്ലിട്ടു പൂട്ടിയ മുറിയിലായിരുന്നു പുൽക്കൂട്. ഇന്നലെ രാവിലെ സ്കൂളിലെത്തിയ അധ്യാപകർ മുറി അലങ്കോലപ്പെട്ടുകിടക്കുന്നതുകണ്ട് പ്രധാനാധ്യാപകൻ തങ്കരാജിനെ അറിയിച്ചു. തുടർന്ന് ചിറ്റൂർ പോലീസിൽ പരാതി നൽകി.
പാലക്കാട് പോലീസ് മേധാവി ആർ. ആനന്ദ്, ചിറ്റൂർ ഡിവൈഎസ്പി കൃഷ്ണദാസ്, എസ്എച്ച്ഒ ഇൻസ്പെക്ടർ മാത്യു ഉൾപ്പെടെ ഉള്ളവർ സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തി. പാലക്കാട്ടുനിന്നു പോലീസ് ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ, ഫോറൻസിക് വിദഗ്ധർ എന്നിവരും സ്ഥലത്തെത്തി തെളിവെടുപ്പുനടത്തി.
വിവരമറിഞ്ഞ് മന്ത്രി കെ. കൃഷ്ണൻകുട്ടി സ്കൂളിലെത്തിയിരുന്നു. അധ്യാപക രക്ഷാകർതൃസമിതി അംഗങ്ങളും നാട്ടുകാരും സാമൂഹ്യവിരുദ്ധരുടെ അതിക്രമത്തെ അപലപിച്ചു. സ്കൂളിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.