കേരളത്തില്‍ കടല്‍പ്പായല്‍ കൃഷിക്ക് വന്‍സാധ്യത
Tuesday, December 24, 2024 2:39 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: കടല്‍പ്പായല്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വനിതകള്‍ക്കു കേന്ദ്ര സര്‍ക്കാരിന്റെ കൈതാങ്ങ്. ജനറല്‍ വിഭാഗത്തില്‍ സ്ത്രീകള്‍ നടത്തുന്ന നിക്ഷേപത്തിന്റെ 25 ശതമാനവും പരമാവധി 35 ലക്ഷം രൂപ പെര്‍ഫോമന്‍സ് ഗ്രാന്റായി നല്‍കും. എസ്്സി, എസ്ടി വിഭാഗങ്ങള്‍ക്കു നിക്ഷേപത്തിന്റെ 35 ശതമാനവും പരമാവധി 45 ലക്ഷം രൂപ വരെ പെര്‍ഫോമന്‍സ് ഗ്രാന്റായി നല്‍കുന്നതാണ് പദ്ധതി.
തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ക്കും സ്വയം സഹായ സംഘങ്ങള്‍ക്കും വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.
മത്സ്യബന്ധന മേഖലയുടെ പോരായ്മകള്‍ പരിഹരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രധാനമന്ത്രി മത്സ്യ കിസാന്‍ സമൃദ്ധി സഹ-യോജന കടല്‍പ്പായല്‍ കൃഷിയിലും പ്രോത്സാഹനം ലക്ഷ്യമിടുന്നു. ഇതനുസരിച്ചാണ് വനിതകള്‍ക്കു മുന്‍ഗണന നല്ക്കുന്നത്. ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതികളുമായി സംയോജിപ്പിച്ചു വായ്പ ലഭ്യമാക്കാനും അവസരമുണ്ട്.
ഭക്ഷണം, മരുന്നുകള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, തുണിത്തരങ്ങള്‍, രാസവളങ്ങള്‍, മൃഗങ്ങളുടെ തീറ്റ തുടങ്ങിയ വ്യവസായങ്ങളില്‍ അസംസ്കൃത വസ്തുവായി കടല്‍പ്പായല്‍ ഉപയോഗിക്കുന്നുണ്ട്.
കടല്‍പ്പായല്‍ സലാഡായി കഴിക്കുകയോ ചോറിനൊപ്പം കറിയായി വേവിച്ചു കഴിക്കുകയോ ചെയ്യാം. ചില കടല്‍പ്പായല്‍ ഇനങ്ങള്‍ മത്സ്യം, മാംസം വിഭവങ്ങള്‍ ഉണ്ടാക്കാനും സൂപ്പിനും ഉപയോഗിക്കുന്നു.
രാജ്യത്ത് കടല്‍പ്പായല്‍ സിംഗിള്‍ റോപ്പ് ഫ്ളോട്ടിംഗ് റാഫ്റ്റ് രീതിയില്‍ കൃഷി ചെയ്യുന്നതാണ് പ്രചാരത്തിലുള്ളത്. 45 ദിവസം മുതല്‍ 50 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. വിളവെടുത്ത് ഉണക്കി ഇതില്‍നിന്നുള്ള ഉത്പന്നമായ കാരിജെനന് വര്തിരിച്ചെടുക്കുകയും ചെയ്യും.
590 കിലോമീറ്റര്‍ തീരമുള്ള കേരളത്തില്‍ വിവിധയിനം കടല്‍പ്പായല്‍ കൃഷിക്ക് സാധ്യതയുണ്ട്.കൊച്ചി ആസ്ഥാനമായ ഫിഷറീസ് ഗവേഷണ സ്ഥാപനം സെന്ട്ര ല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎംഎഫ്ആര്‍ഐ) പഠനത്തില്‍ തിരുവനന്തപുരം (വിഴിഞ്ഞം), കൊല്ലം (തിരുമല്ലവാരം), കോഴിക്കോട് (എലത്തൂര്‍, പുതിയാപ്പ, തിക്കോടി), കാസര്‍ഗോട് (പടന്ന, ബേക്കല്‍) എന്നിവിടങ്ങളിലെ 80 ഹെക്ടര്‍ തീരം ഏറെ അനുയോജ്യമാണ്.
ഇന്ത്യയില്‍ വ്യവസായ ആവശ്യങ്ങള്‍ക്കുള്ള കടല്‍പ്പായല്‍ ഉത്പന്നങ്ങളില്‍ അധികവും ഇറക്കുമതി ചെയ്യുകയാണ്. വ്യാവസായിക അടിസ്ഥാനത്തില്‍ കടല്‍പ്പായല്‍ കൃഷി ചെയ്യുന്ന രാജ്യങ്ങളില്‍ ചൈന, ജപ്പാന്, കൊറിയ, ഫിലിപ്പീന്‍സ് എന്നിവരാണ് മുന്‍നിരയില്‍. ഈ രാജ്യങ്ങളില്‍ ചിലയിനം കടല്‍പ്പായല്‍ (കടല്‍ച്ചീര) ഭക്ഷണമായും ഉപയോഗിക്കുന്നുണ്ട്.
വേഗത്തില്‍ വളരുന്ന കൃഷി മേഖലകളിലൊന്നാണ് കടല്‍പ്പായല്‍. കുറഞ്ഞ മൂലധനം മതിയാകുന്നതിനാല്‍ ചെറുകിടക്കാര്‍ക്കും കൃഷി ചെയ്യാം. കാര്‍ബണ്‍ഡൈഓക്സൈഡ് ആഗിരണം ചെയ്യുന്നതിനാല്‍ പരിസ്ഥിതി സൗഹൃദവുമാണ്.
സിഎംഎഫ്ആര്‍ഐ, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (സിഐഎഫ്ടി), കൊച്ചി, സെന്‍ട്രല്‍ സാള്‍ട്ട് ആന്‍ഡ് മറൈന്‍ കെമിക്കല്‍സ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്എം സിആര്‍ഐ), ഭാവ്നഗര്‍ തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളില്‍ നിന്ന് കടല്‍പ്പായല്‍ കൃഷി, സംസ്കരണ, മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ സാങ്കേതികവിദ്യകള്‍ ലഭ്യമാണ്. തീരദേശ പഞ്ചായത്തുകളുടെയും കുടുംബശ്രീയുടെയും മത്സ്യ വകുപ്പിന്റെയും പദ്ധതികളില്‍ കടല്‍പ്പായല്‍ കൃഷിയും ഉള്‍പ്പെടുത്തമെന്ന ആവശ്യവും ശക്തമാണ് വിശദാംശങ്ങള്‍ക്ക് https://pmmkssy.dof.gov.in/