കരട് വിജ്ഞാപനം സംബന്ധിച്ച വിവാദം അനാവശ്യമെന്ന് മന്ത്രി ശശീന്ദ്രന്
Tuesday, December 24, 2024 2:39 AM IST
കോഴിക്കോട്: വനം വകുപ്പ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച വന നിയമ ഭേദഗതിയുടെ കരട് വിജ്ഞാപനം സംബന്ധിച്ചുള്ളത് അനാവശ്യ വിവാദങ്ങളാണെന്നു മന്ത്രി എ.കെ. ശശീന്ദ്രന്. വിമര്‍ശനങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ അംഗീകരിക്കുമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വിവാദം വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണ്. ഇതില്‍നിന്നു ബന്ധപ്പെട്ടവര്‍ പിന്തിരിയണം. കരട് ബില്ലില്‍ ചേര്‍ത്തിട്ടുള്ള പലതും കര്‍ഷക വിരുദ്ധമെന്നാണ് ആരോപണം ഉന്നയിക്കുന്നത്. മനുഷ്യ-വന്യജീവി സംഘര്‍ഷം സംബന്ധിച്ച് ഒന്നും ഉള്‍ക്കൊള്ളിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന് ഇക്കാര്യത്തില്‍ മുന്‍വിധിയില്ല. നിലവിലെ നിയമം അതേപടി തുടരണോ, കാലാനുസൃതമായി പരിഷ്കരിക്കണോ എന്ന കാര്യത്തില്‍ ബില്ലിനെ എതിര്‍ക്കുന്നവര്‍ മറുപടി നല്‍കണം. നിയമപ്രകാരം വനംവകുപ്പ് വാച്ചര്‍ക്ക് വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാവുന്നതാണ്. ഇതു ഭേദഗതിയില്‍ എടുത്തുകളയുകയാണ്. എന്നാല്‍, ഇപ്പോഴത്തെ രീതി തന്നെ തുടരണമെന്നാണോ പ്രതിഷേധക്കാര്‍ പറയുന്നതെന്ന് അദ്ദേഹം ചോദിച്ചു.
എങ്ങനെയാണ് ബിൽ കര്‍ഷക ദ്രോഹമാകുന്നതെന്ന് എതിര്‍ക്കുന്നവര്‍ വ്യക്തമാക്കണം. ജണ്ടകള്‍ പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച ഭേദഗതിയെ എതിര്‍ക്കുന്നത് ഭൂമി കൈയേറ്റക്കാരാണെന്ന് ശശീന്ദ്രന് പറഞ്ഞു.അവര്‍ക്കാണ് നിയമഭേദഗതി കൊണ്ട് പൊള്ളുന്നത്.കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും.ഒരാളുടെ കൈവശം ഉള്ള വനം ഉത്പന്നങ്ങള്‍ക്കു സര്‍ട്ടിഫിക്കറ്റ് നല്‍കും. വനം നിയമ ഭേദഗതി സംബന്ധിച്ച്
മതമേലധ്യക്ഷന്മാരില്‍നിന്നു കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ശശീന്ദ്രൻ പറഞ്ഞു. നിയമദേഗതിക്കെതിരേ കേരള കോണ്‍ഗ്രസ് എമ്മിന്റെ എതിര്‍പ്പ് അവര്‍ വേണ്ടത്ര ചര്‍ച്ചകള്‍ നടത്താത്തതിനാലാണ്.
കേരള കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രി റോഷി അഗസ്റ്റിനെ തള്ളിപ്പറയുകയാണോ എന്നറിയില്ല. റോഷി അഗസ്റ്റിന് നിലവില്‍ മന്ത്രിസഭയില്‍ അംഗമാണ്. അദ്ദേഹത്തിനു മന്ത്രിസഭായോഗത്തിന്റെ നോട്സ് നല്‍കിയിട്ടുണ്ടെന്ന് ശശീന്ദ്രന് പറഞ്ഞു.