വനനിയമ ഭേദഗതി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ജോസ് കെ. മാണി
Tuesday, December 24, 2024 2:39 AM IST
തിരുവനന്തപുരം: വന നിയമ ഭേദഗതി സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് -എം ഉന്നയിച്ച ആവശ്യങ്ങളും ആശങ്കകളും ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായി ചെയർമാൻ ജോസ് കെ. മാണി അറിയിച്ചു.
കർഷകരെയും മലയോര ജനതയേയും ദോഷകരമായി ബാധിക്കുന്ന ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ജോസ് കെ. മാണി വ്യക്തമാക്കി.
വനനിയമ ഭേദഗതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള നിവേദക സംഘം മുഖ്യമന്ത്രി പിണറായി വിജയനെ നേരിൽകണ്ടതിനു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായുള്ള കൂടീക്കാഴ്ച നാൽപ്പത്തഞ്ച് മിനിറ്റോളം നീണ്ടു. ചെയർമാൻ ജോസ് കെ. മാണി എംപിക്കൊപ്പം ഗവണ്മെൻമെന്റ് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, എംഎൽഎമാരായ ജോബ് മൈക്കിൾ, പ്രമോദ് നാരായണ്‍, ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഡോ. സ്റ്റീഫൻ ജോർജ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.