യുവാവിനെ കഴുത്തറുത്തു കൊന്ന കേസിൽ പ്രതികൾക്കു ജീവപര്യന്തം
Tuesday, December 24, 2024 2:39 AM IST
കാസർഗോഡ്: ക്രിമിനൽ സംഘങ്ങൾ തമ്മിലുള്ള പകയുടെ ഭാഗമായി യുവാവിനെ കഴുത്തറുത്തുകൊന്ന് മനുഷ്യത്വത്തിനു നിരക്കാത്ത രീതിയിൽ തലകൊണ്ട് ഫുട്ബോൾ തട്ടിക്കളിച്ച കേസിൽ ആറ് പ്രതികൾക്ക് ജീവപര്യന്തം തടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
കുമ്പള പേരാലിലെ അബ്ദുൽ സലാമിനെ(27) കൊലപ്പെടുത്തിയ കേസിൽ മാങ്ങാമുടി സിദ്ദിഖ് (46), ഉമർ ഫാറൂഖ് (36), സഹീർ (36), നിയാസ് (38), ഹരീഷ് (36), ലത്തീഫ് (43) എന്നിവർക്കാണ് ജില്ലാ അഡീഷണൽ സെഷൻസ് (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷ വിധിച്ചത്.
2017 ഏപ്രിൽ 30 നായിരുന്നു സംഭവം. മൊഗ്രാല്‍ മാളിയങ്കര കോട്ടയിലെ മൈതാനത്താണ് അബ്ദുല്‍ സലാമിന്റെ മൃതദേഹം കണ്ടെത്തിയത്. കുമ്പള പഞ്ചായത്ത് മുൻ അംഗം ബി.എ.മുഹമ്മദിന്റെ മകന് ഷഫീഖിനെ കൊലപ്പെടുത്തിയ കേസിലുൾപ്പെടെ പ്രതിയായിരുന്നു കൊല്ലപ്പെട്ട അബ്ദുൽ സലാം.
29നു പുലർച്ചെ മൂന്നിനു സലാമിന്റെ നേതൃത്വത്തിലുള്ള സംഘം മാങ്ങാമുടി സിദ്ദിഖിന്റെ വീടാക്രമിച്ച് സിദ്ദിഖിനും അമ്മയ്ക്കും നേരെ വധഭീഷണി മുഴക്കിയതിനു മറുപടിയായിട്ടാണു തിരിച്ച് ആക്രമണം നടന്നത്. സലാമിനൊപ്പമുണ്ടായിരുന്ന നൗഷാദ് എന്ന യുവാവിനും അക്രമിസംഘത്തിന്റെ കുത്തേറ്റിരുന്നു. ഇയാളുടെ സാക്ഷിമൊഴി കേസിൽ നിർണായകമായി.
സംഭവം നടക്കുമ്പോൾ കുമ്പള ഇൻസ്പെക്ടറായിരുന്ന ഇപ്പോഴത്തെ ബേക്കൽ ഡിവൈഎസ്പി വി.വി.മനോജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
എസ്ഐ ആയിരുന്ന ഗോപാലൻ ജയശങ്കർ, ബാലകൃഷ്ണൻ, നാരായണൻ എന്നിവരും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷകരായ ജി. ചന്ദ്രമോഹൻ, ചിത്രകല എന്നിവർ ഹാജരായി.