കാഞ്ഞിരപ്പള്ളി രൂപതയുടെ വലിയ സമ്പത്താണ് യുവജനങ്ങൾ: മാര്‍ റാഫേല്‍ തട്ടില്‍
Friday, December 27, 2024 5:35 AM IST
കുട്ടിക്കാനം: കാഞ്ഞിരപ്പള്ളി രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങളെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുട്ടിക്കാനം മരിയന്‍ കോളജ് ഓട്ടോണമസില്‍ നടന്ന കാഞ്ഞിരപ്പള്ളി രൂപത എസ്എംവൈഎം യുവജനങ്ങളുടെ മഹാസംഗമം- നസ്രാണി യുവശക്തി 2024 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
രൂപതയുടെ ഏറ്റവും വലിയ സമ്പത്താണ് യുവജനങ്ങള്‍. ഇന്നത്തെ സഭ യുവജനങ്ങളാണ്. യുവജനങ്ങളെ നഷ്ടപ്പെട്ട സഭ വാര്‍ധക്യ സഹജമായ സഭയാണെന്നും നിങ്ങള്‍ ഇല്ലാത്ത സഭ വന്ധ്യത്വമുള്ള സഭയാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. യുവജനങ്ങള്‍ സഭയുടെ സ്വത്തും അസ്തിത്വത്തിന്റെ അടിസ്ഥാനവുമാണ്. നല്ല കുലീനത്വമുള്ള, സാക്ഷ്യമുള്ള ക്രൈസ്തവ വിശ്വാസത്തിന്റെ നേര്‍ചിത്രമാണ് കാഞ്ഞിരപ്പള്ളി രൂപതയെന്നു മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സഭയുടെ കരുത്താണ് യുവജനങ്ങളെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. കേരളത്തിലെ ഒട്ടേറേ നല്ല സാധ്യതകളെ നിങ്ങള്‍ ഉപയോഗിക്കണമെന്നും ഇവിടെത്തന്നെ മുളച്ചു വളരേണ്ട വിത്തുകളാണ് നിങ്ങള്‍ ഒരോരുത്തരുമെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേര്‍ത്തു.
എസ്എംവൈഎം രൂപത പ്രസിഡന്റ് അലന് എസ്. വെള്ളൂര്‍ അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. തോമസ് നരിപ്പാറയില്‍ ആമുഖ പ്രഭാഷണം നടത്തി. കേരള സ്റ്റേറ്റ് ഫിലിം അവാര്‍ഡ് ജേതാവ് വിന്‍സി അലോഷ്യസ് മുഖ്യാതിഥിയായിരുന്നു.
രൂപത വികാരി ജനറാള്‍ റവ.ഡോ. ജോസഫ് വെള്ളമറ്റം,ആനിമേറ്റര്‍ സിസ്റ്റർ മേബിൾ എസ്എബിഎസ്, രൂപത എസ്എംവൈഎം ജനറല്‍ സെക്രട്ടറി അലന് പടിഞ്ഞാറേക്കര, ആൻമരിയ കൊല്ലശേരിൽ, എന്നിവര്‍ പ്രസംഗിച്ചു. സ്വര്‍ഗം സിനിമയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന പുതുമുഖ നടി മഞ്ചാടി ജോബിയെയും ഈ വര്‍ഷം സന്യാസ വസ്ത്രങ്ങള്‍ സ്വീകരിച്ച സിസ്റ്റേഴ്സിനെയും സംഗമത്തില്‍ അനുമോദിച്ചു. കാഞ്ഞിരപ്പള്ളി രൂപതയിലെ 148 ഇടവകകളില്‍ നിന്നായി മൂവായിരത്തോളം യുവജനങ്ങള്‍ സംഗമത്തില്‍ പങ്കെടുത്തു.