മലയാളഭാഷയുടെ യശസുയർത്തിയ അനുഗൃഹീത എഴുത്തുകാരൻ: കർദിനാൾ ക്ലീമിസ്
Friday, December 27, 2024 6:12 AM IST
കൊച്ചി: മലയാളഭാഷയുടെ യശസുയർത്തിയ അനുഗൃഹീത എഴുത്തുകാരനാണ് എം.ടി. വാസുദേവൻനായരെന്ന് കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അനുസ്മരിച്ചു.
മലയാളഭാഷയ്ക്കും സാംസ്കാരിക ജീവിതത്തിനും എം.ടി. നൽകിയ സംഭാവനകൾ എന്നും നക്ഷത്രശോഭയോടെ തിളങ്ങും. ഓരോ മലയാളിക്കും അഭിമാനമായിരുന്നു അദ്ദേഹത്തിന്റെ വാക്കും ചിന്തയും. അനുഗൃഹീതനായ എഴുത്തുകാരന്റെ നിര്യാണത്തിൽ കേരള കത്തോലിക്കാസഭയുടെ അനുശോചനം പ്രാർഥനാപൂർവം അറിയിക്കുന്നതായും മാർ ക്ലീമിസ് പറഞ്ഞു.
മലയാളിയുടെ അഭിരുചിയെ സ്വാധീനിച്ച പ്രതിഭ: ഡോ. ചക്കാലയ്ക്കൽ
കൊച്ചി: ഓരോ മലയാളിയുടെയും സാഹിത്യാഭിരുചിയും മനോഭാവവും നിർണയിക്കുന്നതിൽ എം.ടി. മഹനീയമായ പങ്കാണു നിർവഹിച്ചതെന്നു കെആർഎൽസിബിസി പ്രസിഡന്റ് ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ. എം.ടിയുടെ ദേഹവിയോഗം കേരളത്തിന്റെ സാംസ്കാരിക, സാഹിത്യ മണ്ഡലങ്ങളിൽ വലിയ വിടവാണു സൃഷ്ടിച്ചിരിക്കുന്നത്. ലോകമാകെ മലയാളത്തിന്റെ മഹിമ ഉയർത്തിക്കാട്ടിയ മഹാപ്രതിഭയായിരുന്നു എം.ടിയെന്നും ഡോ. ചക്കാലയ്ക്കൽ അനുസ്മരിച്ചു.
മലയാളഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടം: മാർ ആലഞ്ചേരി
മലയാള സാഹിത്യത്തിലെ കുലപതിയായ എം.ടി. വാസുദേവൻ നായരുടെ നിര്യാണത്തിൽ സഹൃദയരായ മറ്റു കേരളീയരോടൊപ്പം എന്റെ അഗാധമായ ദുഃഖവും പങ്കുവയ്ക്കുന്നു. ഭാവനാലോകത്തു വിഹരിച്ച ഒരു സ്വപ്നജീവിയായിരുന്നില്ല അദ്ദേഹം. മറിച്ച്, സാമൂഹികപ്രശ്നങ്ങളെ അവലോകനം ചെയ്തുകൊണ്ടിരുന്ന സാമൂഹികനിരീക്ഷകൻ കൂടിയായിരുന്നു. കേരളീയ സാമൂഹികജീവിതത്തിന്റെ പരിച്ഛേദമായ അദ്ദേഹത്തിന്റെ കൃതികളിൽ സാമൂഹികതിന്മകൾക്കെതിരായ പോരാട്ടം കൂടി ദൃശ്യമാണ്. എഴുത്തിന്റെ എല്ലാ മേഖലയിലും, പത്രാധിപർ, ചലച്ചിത്രകാരൻ എന്നീ നിലകളിലും തനതായ മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ വേർപാട് മലയാളഭാഷയ്ക്കും സാഹിത്യത്തിനും തീരാനഷ്ടമാണ്.
പിണറായി വിജയൻ(കേരള മുഖ്യമന്ത്രി)
സാഹിത്യരചനയിലൂടെ സമൂഹത്തെ പുരോഗമനോന്മുഖമായി മുന്നോട്ടുനയിക്കുന്നതിൽ എന്നും ജാഗ്രത പുലർത്തിയ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവൻ നായർ. എം.ടി. എന്നും മതനിരപേക്ഷതയുടെ കരുത്തനായ വക്താവായിരുന്നു. നാലുകെട്ടിലും അസുരവിത്തിലും ഒക്കെ മതാതീതമായ മനുഷ്യസ്നേഹത്തിന്റെ മഹത്തായ മുഹൂർത്തങ്ങൾ ഉൾച്ചേർത്ത എം.ടി. സ്വന്തം ജീവിതത്തിൽ മതനിരപേക്ഷ നിലപാടു വിട്ടുവീഴ്ചയില്ലാതെ ഉയർത്തിപ്പിടിച്ചത് സ്വാഭാവികം തന്നെ.
ഏതെങ്കിലും ഒരു കള്ളിയിൽ ഒതുങ്ങിനിൽക്കുന്നതല്ല എം.ടിയുടെ പ്രതിഭ. പ്രഗത്ഭനായ ചലച്ചിത്രകാരൻ, മികച്ച പത്രാധിപർ എന്നീ നിലകളിലും അദ്ദേഹം കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക ജീവിതത്തിൽ തനതായ മുദ്ര പതിപ്പിച്ചു. കഥയുടെ കൈയടക്കത്തെക്കുറിച്ച് പഠിക്കുന്ന ഓരോരുത്തർക്കുമുള്ള പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ രചനകൾ. സ്ത്രീസമൂഹത്തിന്റെ ദുഃഖങ്ങളും പരിദേവനങ്ങളും വിഷയമാക്കിയ ‘ഓപ്പോൾ’, ആഗോളവത്കരണ കാലത്തെ വിപണിസംസ്കാരത്തെ പ്രതിഫലിപ്പിച്ച ‘വിൽപ്പന’, സാമ്രാജ്യത്വത്തിന്റെ കടന്നുവരവിനെ വരച്ചുകാട്ടിയ ’ഷെർലക്’ തുടങ്ങി ‘കാഴ്ച’ വരെയുള്ള ഓരോ കഥയിലും ഈ കൈയടക്കം നമുക്കു കാണാൻ കഴിയും.
ഏഴ് പതിറ്റാണ്ടിലേറെക്കാലത്തെ തന്റെ രചനകളിലൂടെ ലോകസാഹിത്യ വിഹായസിലേക്ക് മലയാള ഭാഷയെയും സാഹിത്യത്തെയും കൈപിടിച്ചാനയിക്കുകയാണ് എം.ടി. ചെയ്തത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്കാരമായ ജ്ഞാനപീഠം മുതൽ രാഷ്ട്രത്തിന്റെ ആദരവായ പത്മഭൂഷണ്‍ വരെ എം.ടിയെ തേടിയെത്തിയിരുന്നു. വിവിധ നിലകളിൽ ഭാഷയ്ക്കും സാഹിത്യത്തിനും എം.ടി. നൽകിയ സേവനങ്ങൾ എക്കാലത്തും ഓർമിക്കപ്പെടും.
വി.ഡി. സതീശൻ(പ്രതിപക്ഷ നേതാവ്)
മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലംകൊണ്ട് നിർണയിക്കാൻ കഴിഞ്ഞ മനുഷ്യൻ. ചവിട്ടിനിൽക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്ളാദത്തോടെയും നോക്കികാണാൻ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എം.ടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം തീർത്തത് കേരളത്തിന്റെതന്നെ സാംസ്കാരിക ചരിത്രമാണ്. വാക്കുകൾ തീവ്രമായിരുന്നു. പറയാനുള്ളതു നേരേ പറഞ്ഞു. ആശയങ്ങൾ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ ഒരു വാക്കിനെപ്പോലും പിറകോട്ടു വലിച്ചില്ല. അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.
അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളേക്കാൾ കണ്മുന്നിൽ കാണുന്ന നിളാനദിയെ ഇഷ്ടപ്പെട്ട, മനുഷ്യാവസ്ഥയെ ലളിതമായും കഠിനമായും ആവിഷ്കരിച്ച, ആത്മസംഘർഷങ്ങളും സങ്കടച്ചുഴികളും നഷ്ടപ്പെടലിന്റെ വേദനയും ആഹ്ളാദത്തിന്റെ കൊടുമുടികളുംകടന്ന് മൗനത്തിന്റെ തീവ്രതയെ അളവുകോലില്ലാതെ അടയാളപ്പെടുത്തിയ എം.ടി എന്നെ സംബന്ധിച്ച് ഒരു മഹാമനുഷ്യനായിരുന്നു.
എം.ടിയുടെ കഥകളും നോവലുകളും ലേഖനങ്ങളും ആത്മാവ് തൊട്ട് വായിച്ചൊരാളാണ് ഞാൻ. മനുഷ്യനെയും പ്രകൃതിയെയും ഉൾപ്രപഞ്ചങ്ങളെയും ഇത്ര ആഴത്തിലും ചാരുതയിലും അക്ഷരങ്ങളിലൂടെ ഞങ്ങൾക്ക് തന്നതിനു നന്ദി. അങ്ങയുടെ അസാന്നിധ്യത്തിലും വീണ്ടും വീണ്ടും കരുത്താർജിക്കാനുള്ള വിഭവങ്ങൾ അങ്ങ് തന്നെ തന്നിട്ടുണ്ടല്ലോയെന്ന് ആശ്വസിക്കാം.
ആരിഫ് മുഹമ്മദ് ഖാൻ(കേരള ഗവർണർ)
സാഹിത്യത്തെയും സിനിമയെയും പത്രപ്രവർത്തനത്തെയും ഒരുപോലെ സന്പന്നമാക്കിയ ബഹുമുഖ പ്രതിഭയായിരുന്നു ജ്ഞാനപീഠ സമ്മാനിതൻ എം.ടി. വാസുദേവൻ നായർ.
കേരളീയ സമൂഹഘടനയിൽ വന്ന മാറ്റത്തിന്റെ ഫലമായുള്ള മനുഷ്യജീവിതാനുഭവത്തെ ഇതിവൃത്തമാക്കിയ എംടി, സാഹിത്യത്തിലെയും ചലച്ചിത്രമേഖലയിലെയും ഏറ്റവും ജനപ്രിയനായ എഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം മലയാളിക്കും മലയാളത്തിനും മാത്രമല്ല, ഭാരതീയ സാഹിത്യത്തിനും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേരുന്നു.
എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടം: ടി. പദ്മനാഭൻ
കണ്ണൂർ: എം.ടിയുടെ വിയോഗം സാഹിത്യലോകത്ത് എളുപ്പത്തിൽ നികത്താനാവാത്ത നഷ്ടമാണെന്നും ഏറെ വേദനയുണ്ടെന്നും എഴുത്തുകാരൻ ടി. പദ്മനാഭൻ. “1950 മുതൽ എംടിയുമായി പരിചയമുണ്ട്. എം.ടി എന്നെപ്പോലെയല്ല. ഞാൻ ചെറുകഥയിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ എം.ടിയുടേതു വിശാലമായ ലോകമായിരുന്നു. എംടിയുടെ വിയോഗം തീരാനഷ്ടമാണ്. ആരു മരിച്ചാലും പലരും ഇങ്ങനെ പറയുമെങ്കിലും എം.ടിയുടെ കാര്യത്തിൽ അതു സത്യമാണ്. നല്ലതും ചീത്തയുമായ സമ്മിശ്രമായ ധാരാളം അനുഭവങ്ങള്‍ എം.ടിയുമായി ഉണ്ടായിട്ടുണ്ട്.
രണ്ടുകൊല്ലം മുന്‍പാണ് എം.ടിയെ ഏറ്റവും ഒടുവിൽ കണ്ടത്. അന്ത്യം ഇത്ര വേഗത്തിൽ വരുമെന്നു വിചാരിച്ചില്ല. അദ്ദേഹത്തിന്റെ മരണത്തിൽ വേദനയുണ്ട്. എം.ടി അസുഖബാധിതനായി കഴിയുന്പോൾ ആരോഗ്യ സംബന്ധമായ പ്രശ്നങ്ങൾ കാരണം എനിക്കദ്ദേഹത്തെ കാണാൻ പോകാൻ കഴിഞ്ഞില്ല. വീഴ്ചയെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്നമുണ്ട്. അല്ലെങ്കിൽ തീര്‍ച്ചയായും പോയി കാണുമായിരുന്നു”- ടി. പദ്മനാഭൻ പറഞ്ഞു.
എന്റെ എഴുത്തിലെ അദൃശ്യസാന്നിധ്യം: സേതു
എം.ടിയെക്കുറിച്ച് എന്താണു പറയുക? അദ്ദേഹം എല്ലാക്കാലത്തും എന്റെ എഴുത്തില്‍ അദൃശ്യസാന്നിധ്യമായി ഉണ്ടായിരുന്നു. ദാഹിക്കുന്ന ഭൂമി എന്ന ആദ്യ കഥ, എന്റെ ആദ്യത്തെ ചെറുനോവലായ കിരാതം തുടങ്ങിയവയെല്ലാം പ്രസിദ്ധപ്പെടുത്തിയത് എം.ടി. തന്നെയാണ്. അതിനൊക്കെ അപ്പുറം എന്റെ എത്രയോ കഥകള്‍ അദ്ദേഹത്തിന്റെ കൈകളിലൂടെ കടന്നുപോയിട്ടുണ്ട്.
ഒരു കഥയെക്കുറിച്ചോ നോവലിനെക്കുറിച്ചോ കൊള്ളാം എന്ന് എം.ടി . പറഞ്ഞാല്‍ അതു വലിയൊരു വിലയിരുത്തലായി സാഹിത്യലോകം പരിഗണിച്ചിരുന്നു. എനിക്ക് ആ ഭാഗ്യം നിരവധിത്തവണ അനുഭവിക്കാനായി. പത്രാധിപര്‍ എന്ന നിലയില്‍, പുതിയ ഒരെഴുത്തുകാരന്റെ രചന വായിച്ചിട്ട് അതിലെ സവിശേഷതകള്‍ മനസിലാക്കാനുള്ള അസാമാന്യമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം എന്റെ ഗുരുസ്ഥാനീയനാണെന്നു പറയുന്നില്ല. അങ്ങനെ പറയാത്തത് ഞങ്ങൾ തമ്മിലുള്ള അടുപ്പം കുറഞ്ഞുപോകും എന്നതുകൊണ്ടാണ്.
ഇന്ത്യൻ സാഹിത്യത്തിനു വലിയ നഷ്ടം: പ്രതിഭ റായ്
എം.ടി. വാസുദേവൻ നായരുടെ വിയോഗം ഇന്ത്യൻ സാഹിത്യത്തിനു തന്നെ വലിയ നഷ്ടമാണെന്നു ജ്ഞാനപീഠം ജേതാവും ഒറിയൻ എഴുത്തുകാരിയുമായ പ്രതിഭ റായ്. കേന്ദ്ര സാഹിത്യ അക്കാദമിയിൽ ഞങ്ങൾ അഞ്ചു വർഷം ഒന്നിച്ചു പ്രവർത്തിച്ചിരുന്നു. വളരെ സൗമ്യ പ്രകൃതക്കാരനായിരുന്നു. ജീവിതത്തിൽ ആദർശങ്ങൾ ഉയർത്തിപ്പിടിച്ച എഴുത്തുകാരനാണ്. എഴുത്തുകാർക്കു മികച്ച മാതൃകകൂടിയായിരുന്നു എം.ടി. ഇളയ സഹോദരിയോടെന്ന പോലെയാണ് എന്നോടു പെരുമാറിയിരുന്നത്. കേരളത്തിൽ വരുന്പോൾ എന്റെ സഹോദരന്റെ ഇടമാണെന്ന ചിന്തയാണ് ഉണ്ടായിരുന്നത്-പ്രതിഭ റായ് ഓർമിച്ചു.
പ്രകാശനക്ഷത്രം: ജോര്‍ജ് ഓണക്കൂര്‍
യുഗപ്രഭാവനായ കഥാകാരന് എം. ടി. വാസുദേവന്‍ നായര്‍ യാത്ര പറയുന്നു. രണ്ട് അക്ഷരങ്ങളില്‍ അടയാളപ്പെടുത്തിയ സര്‍ഗാത്മക വ്യക്തിത്വം. എനിക്ക് അദ്ദേഹം മൂന്ന് അക്ഷരങ്ങള്‍ ചേര്‍ന്ന ഗുരുപ്രഭാവമാണ്; ഞങ്ങള്‍ കുട്ടികളായിരിക്കെ വായിച്ച പുസ്തകങ്ങളില്‍ നവ്യമായ ആഖ്യാനശൈലി പ്രത്യക്ഷപ്പെട്ട കഥയും നോവലും രചിച്ചത് എം.ടിയാണ്. കാവ്യാത്മകവും സുതാര്യവുമായ നൂതനഗദ്യത്തിന്റെ ലയഭംഗി എം.ടിയുടെ ഭാഷ അനുഭവപ്പെടുത്തി. അത് ഒരു പുഴ ഒഴുകുന്നതുപോലെയായിരുന്നു. തീരഭൂമിയെ നനച്ച് മണ്ണിനെ ആര്‍ദ്രമാക്കി ഒഴുകിപ്പോകുന്ന ഗദ്യത്തിന്റെ ലയവിന്യാസം.
ഏറ്റവുമൊടുവില്‍ എം.ടിയെ സന്ദര്‍ശിച്ചത് നവതി ആഘോഷവേളയില്‍ തിരൂരിലെ തുഞ്ചന്പറമ്പില്വച്ചാണ്. എന്റെ ആത്മകഥ, ഹൃദയരാഗങ്ങള്‍ ആ കരങ്ങളിലര്പ്പിച്ച് അനുഗ്രഹം നേടാന്‍ ഭാഗ്യമുണ്ടായി. അങ്ങനെ ഓര്‍മയില്‍ നക്ഷത്രപ്രകാശം ചൊരിയുന്ന ആ സ്നേഹാകാശമാണ് ഇപ്പോള്‍ നഷ്ടമായിരിക്കുന്നത്. നന്മയുടെ പ്രകാശനക്ഷത്രങ്ങള്‍ ഒരിക്കലും അസ്മിക്കുന്നില്ല.
ഒരു യുഗത്തിന് തിരശീല വീഴുന്നു: അശോകന് ചരുവില്‍
ഓരോ എഴുത്തുകാരനും ഓരോ അനുഭവലോകമുണ്ടായിരിക്കും. തകര്‍ന്ന തറവാടുകള്‍ എന്നത് എം.ടിയുടെ അനുഭവലോകമാണ്. ഓരോ ബാല്യവും നിരവധി സ്വപ്നങ്ങള്‍ നിര്‍മിച്ചുകൊണ്ടും നിക്ഷേപിച്ചുകൊണ്ടുമാണു കടന്നുപോകുന്നത്. പക്ഷേ തന്നെ രൂപപ്പെടുത്തിയ ഗൃഹാതുരതയുടെ കുരുക്കില്‍ ബന്ധിക്കപ്പെട്ടു കിടക്കാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല.
കേവലം ഒരെഴുത്തുകാരന്റെ മരണമല്ല; മലയാളത്തിന്റെ എഴുത്തിലും സംസ്കാരത്തിലും ഒരു യുഗത്തിനാണ് തിരശീല വീണിരിക്കുന്നത്.